ചന്ദ്രയാൻ രൂപകല്പനയിൽ നിർണായക പങ്ക് വഹിച്ചെന്ന് അവകാശവാദം, വ്യാജ ശാസ്ത്രജ്ഞൻ ഗുജറാത്തിൽ അറസ്റ്റിൽ

അഹമ്മദാബാദ്: ചന്ദ്രയാൻ-3 രൂപകല്പനയിൽ നിർണായക പങ്ക് വഹിച്ചെന്ന് അവകാശപ്പെട്ട വ്യാജ ശാസ്ത്രജ്ഞൻ മിതുൽ ത്രിവേദിയെ സൂറത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഐ.എസ്.ആർ.ഒയുടെ എന്‍ഷ്യന്റ്‌ സയൻസ് ആപ്ലിക്കേഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് ചെയർമാനാണ് താൻ എന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഐഎസ്ആർഒയുമായി ഒരു ബന്ധവുമില്ലെന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് അറസ്റ്റ്.

ഓഗസ്റ്റ് 23-ന് വിക്രം ലാൻഡറിന്റെ വിജയകരമായ ലാൻഡിങ്ങിന് പിന്നാലെയാണ് ഇയാൾ അവകാശവാദവുമായി രംഗത്തെത്തിയത്. ചാന്ദ്രയാൻ 3ന്റെ ചന്ദ്രനിലെ ലാൻഡിങ്ങിന് പിന്നാലെ വിവിധ പ്രാദേശിക മാധ്യമങ്ങൾക്ക് ഇയാൾ അഭിമുഖം നൽകുകയും ചെയ്തിരുന്നു. പ്രാദേശിക മാധ്യമങ്ങളിൽ അഭിമുഖം വന്നതോടെ ഇയാളെക്കുറിച്ച് പരാതി ഉയരുകയും പോലീസ് വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തിൽ ഇയാൾക്ക് ഐ.എസ്.ആർ.ഒയുടെ ചാന്ദ്രയാൻ 3 മിഷനുമായി യാതൊരു ബന്ധവുമില്ലെന്നും സ്ഥിരീകരിക്കുകയായിരുന്നു.

ഐപിസി 478, 471, 419, 420 വകുപ്പുകൾ പ്രകാരമാണ് സൂറത്ത് പൊലീസ് മിതുൽ ത്രിവേദിക്കെതിരെ കേസെടുത്തത്. മിഥുലിന്റെ വിദ്യാഭ്യാസ യോഗ്യതയാണ് സൂറത്ത് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. മിഥുലിനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം ട്യൂഷൻ ക്ലാസുകൾ നടത്തിയിരുന്നതായും കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ ബോധപൂർവം ഈ കഥകൾ പ്രചരിപ്പിച്ചതായും വ്യക്തമായി.

ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനാണ് എന്ന് തെളിയിക്കാൻ വേണ്ടി ഇയാൾ വ്യാജരേഖകളും ഉണ്ടാക്കിയിരുന്നു. 2022 ഫെബ്രുവരി 26നാണ് തനിക്ക് ഐ.എസ്.ആർ.ഒയിൽ നിന്ന് നിയമന കത്ത് ലഭിച്ചത് എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഐ.എസ്.ആർ.ഒയുടെ അടുത്ത പദ്ധതിയായ ‘മെർക്കുറി ഫോഴ്സ് ഇൻ സ്പെയ്സി’ലെ റിസേർച്ച് അംഗമാണെന്ന രേഖകളും ഇയാൾ വ്യാജമായി നിർമ്മിച്ചിട്ടുണ്ടെന്ന് പോലീസ് പ്രതികരിച്ചു. മാത്രമല്ല മിഥുൽ ത്രിവേദി ഒന്നിലധികം വാർത്താ ചാനലുകളുമായുള്ള അഭിമുഖത്തിൽ പങ്കെടുക്കുകയും സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു