കായൽ കയ്യേറി നിർമ്മാണം, നടൻ ജയസൂര്യക്കെതിരെ കുറ്റപത്രം

കായൽ കൈയ്യേറ്റത്തിൽ നടൻ ജയസൂര്യയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി ചിലവന്നൂർ കായൽ കൈയ്യേറി നിർമ്മാണങ്ങൾ നടത്തിയെന്നാണ് കേസ്സ്. മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ എറണാകുളം വിജിലൻസ് യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. ജയസൂര്യയുടെ കായൽ കൈയ്യേറ്റത്തിന് കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തുവെന്നാണ് ആരോപണം. ജയസൂര്യയും കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥരായിരുന്നവരും ഉൾപ്പെടെ 4 പേർക്കെതിരെയാണു കുറ്റപത്രം. 2013ൽ എറണാകുളം സ്വദേശി ഗിരീഷ് ബാബു തെളിവുകളുടെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് നിരവധി നടപടികൾക്ക് ശേഷം 9 വർഷങ്ങൾക്കിപ്പുറം വിുജിലൻസ് സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്‌ഐആർ റജിസ്റ്റർ ചെയ്‌തെങ്കിലും 6 വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. 2016 ഫെബ്രുവരി 27ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി ആറ് വർഷവും അഞ്ച് മാസവും പൂർത്തീകരിച്ചിട്ടും കേസിന്റെ അന്തിമ കുറ്റപത്രം സമർപ്പിക്കാതെ കേസ് അന്വേഷണ ഉദ്യോഗസ്ഥർ നീട്ടുന്നതായി ചൂണ്ടിക്കാട്ടി പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ഇതോടെ കോടതി കടുപ്പിക്കുകയും കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. 2015 ഡിസംബർ 18ന് തൃശൂർ വിജിലൻസ് കോടതിയിൽ ഇങജ 981/2015 നമ്പർ പ്രകാരം ഹർജി ഫയൽ ചെയ്തത്. ഹർജി പരിഗണിച്ച വിജിലൻസ് കോടതിയുടെ നിർദ്ദേശപ്രകാരം എറണാകുളം കണയന്നൂർ താലൂക്ക് സർവെയർ നടത്തിയ പരിശോധനയിൽ മൂന്ന് സെന്റ് 700 സ്‌ക്വയർ ലിങ്ക്സ് കായൽ നികത്തി കൈയേറിയതായും കായലിലേക്ക് അനധികൃതമായി ബോട്ട് ജെട്ടി സ്ഥാപിച്ചതായും കണ്ടെത്തിയിരുന്നു.

അന്വേഷമം മുന്നോട്ട് പോകാത്തതോടെ ,ഹർജിക്കാരനായ ഗിരീഷ് ബാബു കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്തതോടെയാണു ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. കടവന്ത്ര ഭാഗത്തെ വീടിനു സമീപം ബോട്ടു ജെട്ടിയും ചുറ്റുമതിലും ജയസൂര്യ നിർമിച്ചിരുന്നു. ഇതു ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതെന്നാണ് ആരോപണം. കണയന്നൂർ താലൂക്ക് സർവേയർ ആണ് ഇതു കണ്ടെത്തിയത്. കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. സംഭവം നടന്നത് എറണാകുളം ജില്ലയിൽ ആയതിനാൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കു കേസ് മാറ്റി.