എതിര്‍പ്പുകള്‍ അവഗണിച്ച് നന്ദകിഷോറിനൊപ്പം ജീവിക്കാനെത്തിയ നൈമ സ്വപ്‌നം കണ്ടത് നല്ല ജീവിതം, പക്ഷെ വിധി അവളെതട്ടിയെടുത്തു

ചാവക്കാട് ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരണപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് വീട്ടുകാരും നാട്ടുകാരും ഇതുവരെ മോചിതരായിട്ടില്ല. മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ നൈമ (23)യാണ് മരിച്ചത്. ദേശീയപാതയില്‍ ചാവക്കാട് വിശ്വനാഥക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു അപകടം.

തെക്കേ പുന്നയൂര്‍ പള്ളിക്ക് വടക്ക് കരിപ്പോട്ടയില്‍ മദീന മൊയ്തൂട്ടിയുടെയും റസിയയുടെയും മകളായ നൈമ ഏറെ നാള്‍ നന്ദകിഷോറുമായി പ്രണയത്തിലായിരുന്നു. വ്യത്യസ്ത മത വിഭാഗത്തില്‍ പെട്ടവരായതിനാല്‍ തുടക്കത്തിലേ തന്നെ വീട്ടുകാരുടെ എതിര്‍പ്പ് ശക്തമായിരുന്നു. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് കഴിഞ്ഞ ജനുവരി അഞ്ചിന് ഹൈന്ദവ വിധി പ്രകാരം നൈമയുടെ കഴുത്തില്‍ നന്ദ കിഷോര്‍ താലി ചാര്‍ത്തി. എന്നാല്‍ ഭീഷണികളെയും സംഘര്‍ഷങ്ങളേയും തരണം ചെയ്തു ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ച ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ മതമൗലികവാദികളുടെ ഭാഗത്ത് നിന്നും രൂക്ഷമായ ആക്ഷേപങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാല്‍ ഏത് സംഘര്‍ഷത്തിലും പ്രിയതമന്‍ കൂടെയുള്ളതിന്റെ ആശ്വാസത്തിലായിരുന്നു അവള്‍.

ഇതിനിടയിലാണ് നൈമ വാഹനാപകടത്തില്‍ മരണപ്പെടുന്നത്. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ ബസിനെ ഓവര്‍ടേക്ക് ചെയ്ത് മു്‌നനോട്ട് പോകുകയായിരുന്ന നൈമയുടെ ടൂ വീലര്‍ ഇട റോഡില് നിന്നും കയറി വന്ന ടോറസ് ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നടു ഒടിഞ്ഞു പോയിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നന്ദകുമാറിന്റെ വീട്ടില്‍ സംസ്‌ക്കരിച്ചു. നൈമയുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ദഹിപ്പിക്കാതെ മറവ് ചെയ്യുകയാണ് ചെയ്തത്.

സംഭവത്തില്‍ ആദ്യം ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇസ്ലാ മതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് വിവാഹം ചെയ്തതിനാല്‍ മത മൗലിക വാദികളുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇരുവരെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ല എന്നുള്ള ഭീഷണികള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്‌ക്കൂട്ടറിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു.