‘നല്ല മനുഷ്യന്‍, നല്ല ജഡ്ജി; ചീഫ് ജസ്റ്റിസ് എന്‍വി രമണയെ പുകഴ്ത്തി സോളിസിറ്റര്‍ ജനറല്‍

ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ പുകഴ്ത്തി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ചീഫ് ജസ്റ്റിസിനെ ആദരിക്കാന്‍ ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ യോഗത്തിനിടയിലാണ് തുഷാര്‍ മേത്ത ‘നല്ല മനുഷ്യന്‍, നല്ല ജഡ്ജി’ എന്ന് ചീഫ് ജസ്റ്റിസിനെ വിശേഷിപ്പിച്ചത്. ‘എന്‍ വി രമണ സുപ്രിംകോടതി ചീഫ് ജസ്റ്റിസും ഒപ്പം നല്ലൊരു മനുഷ്യനുമാണ്. അദ്ദേഹത്തിന് ദൈവത്തെ ഭയമില്ല. പക്ഷേ അദ്ദേഹമൊരു ദൈവസ്നേഹിയാണ്. നമ്മുടെ അഭിഭാഷക കുടുംബത്തില്‍ അദ്ദേഹം നല്ല കഴിവുള്ളവനാണ്’. സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ എംകെ മിശ്ര നടത്തിയ ഒരു പ്രസംഗത്തെ പരാമര്‍ശിച്ച മേത്ത, ചീഫ് ജസ്റ്റിസിനോട് ക്ഷമ ചോദിക്കുകയാണെന്നും പറഞ്ഞു. എസ്.എ ബോബ്ഡെയ്ക്ക് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ചീഫ് ജസ്റ്റിസായി എന്‍ വി രമണ ചുമതലയേറ്റത്. അടുത്ത വര്‍ഷം ഓഗസ്റ്റ് 26വരെയാണ് അദ്ദേഹത്തിന്റെ പദവിയുടെ കാലാവധി.