വി ഐ പി സംസ്കാരം അവസാനിക്കാതെ ബീഹാർ, മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസ് തടഞ്ഞ് നിർത്തി പൊലീസ്

പട്‌ന. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വാഹനവ്യൂഹം കടന്നുപോകാൻ ആംബുലൻസ് തടഞ്ഞ് നിർത്തി പൊലീസ്. പട്നയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിയിരുന്ന രോഗിയെയാണ് പൊലീസ് റോഡിൽ തടഞ്ഞുനിർത്തിയത്. പാലം പണിയുടെ കാണാൻ മുഖ്യമന്ത്രി എത്തിയതിനെ തുടർന്ന് പോലീസ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു ഇതിനിടയിലാണ് ആംബുലൻസ് കുരുക്കിൽപ്പെട്ടത്.

സംഭവത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വഴിയിൽ തടഞ്ഞുനിർത്തിയിരിക്കുന്ന ആംബുലൻസിയിൽ രോഗി കിടക്കുന്നതും സമീപത്തായി ബന്ധു കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം കാലിത്തീറ്റ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് കുടചൂടി പിടിച്ചുനിൽക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത് ബിഹാറിൽ നിലനിൽക്കുന്ന വി.വി.ഐ.പി സമ്പ്രദായമാണെന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന വിമർശനം. ഇത്തരം ദുരവസ്ഥകൾ കാണിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചെങ്കിലും മുഖ്യമന്ത്രിയും സർക്കാരും പ്രതികരിച്ചിട്ടില്ല.