അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ചെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ്പെടുത്തു

കൊച്ചി. പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ എഴു വയസ്സുകാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പ്പെടുത്തതായി പരാതി. അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുത്തത്. കുട്ടിക്ക് കടുത്ത പനി ബാധിച്ചതോടെയാണ് അമ്മ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ രക്ത പരിശോധനയ്ക്ക് നിര്‍ദേശിച്ചു. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഒപി ടിക്കറ്റ് എടുക്കാന്‍ പോയസമയത്ത് നഴ്‌സ് കുട്ടിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുക്കുകയായിരുന്നു. കുട്ടിയുടെ രണ്ട് കൈയിലും കുത്തി വയ്പ്പ് എടുത്തു. അതേസമയം കുട്ടി പൂച്ച കടിച്ചുവെന്ന് പറഞ്ഞതിനാലാണ് കുത്തിവയ്പ്പ് എടുത്തതെന്നാണ് നഴ്‌സ് പറയുന്നത്.

അതേസമയം മറ്റൊരു കുട്ടി പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എടുക്കനായി വന്നിരുന്നു. പിന്നിട് മാറിപ്പോയതാണെന്ന് വ്യക്തമായി. കുട്ടിക്ക് നിലവില്‍ മറ്റ് പ്രശ്‌നം ഇല്ലെന്നും പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് മുന്‍കൂര്‍ എടുത്താല്‍ പ്രശ്‌നമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ അടുത്ത ദിവസം പരാതി നല്‍കുമെന്നാണ് വിവരം.