യുവതി കായലിലേക്ക് ചാടി, ശക്തമായ ഒഴുക്കിലും യുവതിയെ സാഹസികമായി രക്ഷപെടുത്തി പോലീസ് ഉദ്യോഗസ്ഥൻ

യുവതി കായലിലേക്ക് ചാടുന്നതുകണ്ട് സിവിൽ പോലീസ് ഉദ്യേ​ഗസ്ഥനും ശക്തമായ ഒഴുക്ക് വകവെക്കാതെ കായലിലേക്ക് ചാടി യുവതിയെ രക്ഷപെടുത്തി. ഫോർട്ട്‌കൊച്ചി സ്റ്റേഷനിലെ പൊലീസ് ഓഫീസർ ലവന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഇടപെടൽ മീലമാണ് മട്ടാഞ്ചേരി സ്വദേശിക്ക് ജീവൻ തിരിച്ചുകിട്ടിയത്.തിങ്കളാഴ്ച വൈകീട്ട് നാലോടെ ഫോർട്ട്‌കൊച്ചി റോറോ ജെട്ടിയിലാണ് സംഭവം. ബോട്ട് ജെട്ടിയിൽ നിന്ന് അഴിമുഖത്തേക്കാണ് യുവതി ചാടിയത്.

ഈ സമയം ഇവിടെ ഫോർട്ട്‌കൊച്ചി സർക്കിൾ ഇൻസ്‌പെക്ടർ ജി. മനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് പട്രോളിങ്ങിന്റെ ഭാഗമായി ജെട്ടിയിലെത്തിയിരുന്നു. ജെട്ടിയിൽനിന്ന് ഒരാളെത്തി യുവതി കായലിൽ ചാടാൻ നിൽക്കുന്നതായി പറഞ്ഞു. ഇത് കേട്ടയുടൻ ഇൻസ്‌പെക്ടർ മനുരാജും ലെവനും ഓടിയടുത്തു. മനുരാജ് അടുത്തെത്തിയെങ്കിലും പിടികൂടുന്നതിന് മുൻപ് യുവതി വെള്ളത്തിൽ ചാടി.

നീന്തൽ അറിയാവുന്ന ലെവനും ഓട്ടോ ഡ്രൈവറായ പി.യു. ഇക്ബാലും പിറകെ ചാടി. പിന്നാലെ വന്ന മറ്റൊരാളും ചാടി. അടിയൊഴുക്ക് ശക്തമായിരുന്നുവെങ്കിലും മുടിയിൽ പിടിച്ച് മുകളിലേക്ക് എത്തിച്ചു. ഓട്ടോ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സഹായത്തോടെ കൺട്രോൾ റൂം വാഹനത്തിൽ ഫോർട്ട്‌കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.