മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം, പോലീസിന് നേരെയുണ്ടായ കല്ലേറില്‍ ഒരു സ്ത്രീയ്ക്ക് പരിക്ക്

തിരുവനന്തപുരം. മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. നൈറ്റ് ലൈഫിനിടെ മദ്യപിച്ച് നൃത്തം ചെയ്ത സംഘം പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഒരു സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റു. നെട്ടയം സ്വദേശിയായ സ്ത്രീയ്ക്കാണ് പരിക്കേറ്റത്. കല്ലേറ് നടത്തിയ സംഭവത്തില്‍ പോലീസ് നാല് പേരെ പിടികൂടി.

രാത്രി 12 മണിയോടെയാണ് കല്ലേറുണ്ടായത്. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ചയും മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് 12 മണിക്ക് ശേഷം മൈക്ക് ഓഫ് ചെയ്യാന്‍ മ്യൂസിയം പോലീസ് നിര്‍ദേശം നല്‍കി. ഇത് അനുസരിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെയാണ് പോലീസിന് നേരെ കല്ലേറുണ്ടായത്.

തര്‍ക്കത്തില്‍ പോലീസ് ഇടപെട്ടതോടെ. ഒരു സംഘം പോലീസിന് നേരെ തിരിയുകയായിരുന്നു. കല്ലേറില്‍ പരിക്കേറ്റ സ്ത്രീയെ പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.