പോയി പണിനോക്കാൻ മന്ത്രിയോട്.. താരമായി വട്ടപ്പാറ സിഐ , ഇതാണ് ഒർജിനൽ പോലീസ്,

മന്ത്രി വിളിച്ചു പറഞ്ഞാൽ സിഐ കേൾക്കും എന്നൊക്കെയുള്ള കാലം മാറി. അതൊക്കെ പണ്ട്. ഇപ്പോൾ പോലീസ് ഏമാന്മാരുടെ കൂട്ടത്തിലും നട്ടെല്ല് ഉള്ളവർ ഉണ്ട്. കുടുംബവഴക്ക് കേസിൽ തലയിട്ട ഭക്ഷ്യമന്ത്രിയോടു പോയി പണിനോക്കാൻ പറഞ്ഞിരിക്കുകയാണ് വട്ടപ്പാറ സിഐ ഗിരിലാൽ. സിഐ പെട്ടെന്ന് താരമായെങ്കിലും വൈരാഗ്യത്തിൽ ഒടുവിൽ വട്ടപ്പാറ സിഐ ഗിരിലാലിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റം നൽകി മന്ത്രിയും ഒരു പണികൊടുത്ത് ആശ്വാസം കൊണ്ടിരിക്കുകയാണ്.

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഒരു ഫ്ലാറ്റിൽ നടന്ന കേസുമായി ബന്ധപ്പെട്ട വട്ടപ്പാറ സിഐ ഡി.ഗിരിലാലിനെ മന്ത്രി ജി ആര്‍ അനിൽ ഫോണിൽ വിളിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൂരവും കമ്പകെട്ടും ഒടുവിൽ പരിഹാസവും, പ്രമാണവും സ്ഥലംമാറ്റവും ഒക്കെ നടക്കുന്നത്. വട്ടപ്പാറ സിഐ ഗിരിലാലുമായി മന്ത്രി ഫോണിൽ വാക്കേറ്റം നടത്തുന്ന ശബ്ദരേഖ ഇതിനോടകം തന്നെ പുറത്തും വന്നു. രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിച്ച കേസിൽ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്നു സിഐ മറുപടി പറഞ്ഞതോടെ മന്ത്രി ക്ഷുഭിതനാവുകയായിരുന്നു. സിഐയും അതേ ഭാഷയില്‍ മറുപടി നൽകി. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോള്‍ ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നു. അങ്ങനെ തൂക്കിയെടുത്തോണ്ടു വരുമ്പോള്‍ നമ്മളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്ന് സിഐ തിരിച്ചു പറയുന്നതും കേള്‍ക്കാം.

ജി.ആർ.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഫ്ലാറ്റിൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ടത്. തന്റെ മണ്ഡലത്തിലെ കേസായതിനാലാണ് നേരിട്ടു വിളിക്കുന്നതെന്നു മന്ത്രി ഫോൺ സംഭാഷണത്തിൽ പറയുന്നു. കേസിനെ സംബന്ധിച്ച കാര്യങ്ങൾ മന്ത്രി വിശദീകരിക്കുമ്പോൾ ന്യായം നോക്കി പരമാവധി ചെയ്യാമെന്ന് സിഐ ഉറപ്പു നൽകി. പരാതിക്കാരിക്കും കുട്ടികൾക്കും സംരക്ഷണം നൽകാമെന്നും സിഐ പറയുന്നുണ്ട്.

ന്യായം നോക്കി ചെയ്യാമെന്ന വാക്കാണ് തർക്കത്തിനു തുടക്കമിടുന്നത്. ഒരു സ്ത്രീ പരാതി പറഞ്ഞപ്പോൾ ഗൗരവത്തോടെ കണ്ട് വിളിച്ചതാണെന്നു മന്ത്രി പറയുന്നു. നാളെ പരാതിക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ മന്ത്രി വിളിച്ചതാണെന്ന് ഓർക്കണമെന്നും ന്യായം നോക്കിയേ ചെയ്യൂ എന്ന് സിഐ പറഞ്ഞ കാര്യം പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഭർത്താവ് പീഡിപ്പിച്ചു എന്നു പറയുമ്പോൾ ന്യായം നോക്കി നടപടിയെടുക്കുമെന്ന് എങ്ങനെയാണ് പറയുന്നതെന്നും താൻ കേരളത്തിലല്ലേ ജീവിക്കുന്നതെന്നും സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ മന്ത്രി ചോദിക്കുന്നതോടെയാണ് തർക്കം രൂക്ഷമാകുന്നത്. ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നു.

ഒരു സ്ത്രീ രാത്രി സ്റ്റേഷനിൽ പരാതിയുമായി വരണമെങ്കിൽ അവർ എന്തെല്ലാം അനുഭവിച്ചു കാണുമെന്നറിയാമെന്നും ന്യായമായി മാത്രമേ ചെയ്യാൻ കഴിയൂ എന്നും സിഐ പറയുന്നുണ്ട്. പരാതിയിൽ പറയുന്ന രണ്ടാം ഭർത്താവിനെ വീട്ടിൽനിന്ന് തൂക്കി എടുത്ത് സ്റ്റേഷനിൽ എത്തിച്ചാൽ തന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നും ന്യായം നോക്കിയേ കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നും സിഐ പറയുന്നു. താൻ ആരുടെയും പിരിവ് വാങ്ങിച്ചിരിക്കുന്നവനല്ല. നീ എന്നൊന്നും എന്നെ വിളിക്കരുത്. ആ രീതിയിൽ സംസാരിക്കരുത്. മണ്ഡലത്തിലെ വോട്ടർ പറയുന്നതുകേട്ട് അതുപോലെ നടപടിയെടുക്കാൻ കഴിയില്ലെന്നും സിഐ തിരിച്ചടിക്കുകയാണ് ഉണ്ടായത്.

17–ാം തീയതിയാണ് രണ്ടാനച്ഛൻ 11 വയസ്സുള്ള കുട്ടിയുടെ കാലിൽ ചവിട്ടി പരുക്കേൽപ്പിച്ചത്. ഇന്നലെ മാതാവ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ആദ്യം മൊഴി നൽകാൻ പരാതിക്കാരി തയാറായില്ലെന്നു പൊലീസ് പറയുന്നു. നിർബന്ധിച്ചശേഷമാണ് മൊഴി നൽകിയത്. ഭർത്താവിനു മാനസിക പ്രശ്നങ്ങളുള്ളതിന്റെ രേഖകൾ പരാതിക്കാരി ഹാജരാക്കി. ഭർത്താവിനെ തിരക്കി പൊലീസ് ഫ്ലാറ്റിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് നാലാഞ്ചിറയിൽനിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ചികിത്സാ രേഖകൾ പരിശോധിച്ചു വരികയാണെന്നും അതിനുശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

എന്നാൽ ഇതിനു പിന്നാലെയാണ് വട്ടപ്പാറ സിഐയ്ക്ക് വിജിലൻസിലേക്ക് സ്ഥലം മാറ്റം കിട്ടിയത് .മന്ത്രിയുടെ ഓഫിസിന്റെ പരാതിയെ തുടർന്നാണ് നടപടി. ആർക്കും സംശയം തോന്നാതിരിക്കാൻ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അഞ്ച് സിഐമാരെയും ഈ കൂട്ടത്തിൽ സ്ഥലംമാറ്റിയിട്ടുണ്ട്. എന്തായാലും മന്ത്രിയും സിഐയും തമ്മിൽ നടത്തുന്ന ഫോണിലെ പൊരിഞ്ഞയടി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.