വിദ്യാര്‍ഥിനിയുടെ വാട്ടര്‍ ബോട്ടിലില്‍ മൂത്രം കലര്‍ത്തി സഹപാഠി, നടപടിയെടുക്കാത്തതില്‍ വന്‍ പ്രതിഷേധം

ജയ്പൂര്‍. വിദ്യാര്‍ഥിനിയുടെ വാട്ടര്‍ ബോട്ടിലിലെ വെള്ളത്തില്‍ മൂത്രം കലര്‍ത്തിയതിയെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ രാജസ്ഥാനില്‍ വന്‍ പ്രതിഷേധം. സഹപാഠികളായ ആണ്‍കുട്ടികളാണു വിദ്യാര്‍ഥിനിയുടെ വാട്ടര്‍ ബോട്ടിലില്‍ മൂത്രം കലര്‍ത്തിയത്. ഇതിന് പുറമെ ബാഗില്‍ പ്രേമലേഖനവും ഇവര്‍ വെച്ചു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ളവര്‍ ആൺകുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

ഇതറിഞ്ഞ് എത്തിയ പോലീസുകാര്‍ക്ക് നേരെയും ആള്‍ക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. വലിയ കമ്പുകളും മറ്റുമായി ജനക്കൂട്ടം എത്തുന്നതും പോലീസിനെ ഓടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. കുട്ടി ഉച്ചയ്ക്ക് വെള്ളം കുടിച്ചപ്പോള്‍ അതില്‍ ദുര്‍ഗന്ധം ഉണ്ടായിരുന്നു.

തുടര്‍ന്ന് വെള്ളത്തില്‍ മൂത്രം കലര്‍ന്നതായി കണ്ടെത്തി. ഒപ്പം ലവ് യു എന്നെഴുതിയ കത്തും ബാഗില്‍ നിന്നും ലഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി പ്രിന്‍സിപ്പലിന് പരാതി നല്‍കി. പ്രിൻസിപ്പൽ ഇതില്‍ നടപടി എടുക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.