ഇന്ത്യയുടെ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി, ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ഇന്നുണ്ട്

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷ പ്രസംഗത്തിൽ ഇന്ത്യയുടെ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നതിൽ ഭാരതീയർക്ക് അഭിമാനിക്കാം. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പ്രതിസന്ധിയിലായിരിക്കുമ്പോഴും നമ്മൾ പിടിച്ചുനിൽക്കുന്നു. നാനാത്വത്തിൽ ഏകത്വം എന്നത് നമ്മുടെ രാജ്യത്തിന്റെ സവിശേഷതയാണ്.

രാജ്യം 1947 ൽ നിന്നും 2023ലേക്ക് എത്തിയപ്പോൾ ഒരുപാട് വളർന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ഇന്നുണ്ട്. ആയുർവേദവും യോഗയുമെല്ലാം എല്ലാം ലോക നെറുകയിൽ എത്തിനിൽക്കുന്നു. ബഹിരാകാശത്തും ചന്ദ്രനിലും നമ്മുടെ സാങ്കേതികവിദ്യ ചെന്ന് എത്തിയിരിക്കുന്നു എന്നതിൽ നമ്മൾ ഭാരതീയർ ഓരോത്തർക്കും അഭിമാനിക്കാം.

ഇന്ത്യ സാമ്പത്തിക, സാമൂഹിക, ശാസ്ത്ര മേഖലകളിൽ ഇനിയും മുന്നേറാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും എൻസിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്നിവരുടെയും മാർച്ചിനെ അദ്ദേഹം അഭിവാദ്യം ചെയ്തു. വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ ഉൾപ്പടെ മുഖ്യമന്ത്രി അർഹരായവർക്ക് നൽകി.