രാജ്യത്ത് വൻ ഊർജ പ്രതിസന്ധി

ന്യൂഡൽഹി ∙ കനത്ത ചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും കൽക്കരി ക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ രാജ്യത്ത് വൻ ഊർജ പ്രതിസന്ധി. ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. പലയിടങ്ങളിലും 8 മണിക്കൂറോളം വൈദ്യുതി മുടക്കുന്നു. ഈ സ്ഥിതി തുടർന്നാൽ ഡൽഹി മെട്രോയുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നു വൈദ്യുതി മന്ത്രി സത്യേന്ദർ ജയിൻ മുന്നറിയിപ്പു നൽകി.

താപനിലയങ്ങളിലേക്കു കൽക്കരിയുമായി പോകുന്ന ട്രെയിനുകളുടെ ഗതാഗതം സുഗമമാക്കാനായി ഉത്തരേന്ത്യയിൽ 42 പാസഞ്ചർ ട്രെയിനുകൾ ഇന്നലെ റദ്ദാക്കി. യുദ്ധകാല അടിസ്ഥാനത്തിൽ കൽക്കരി എത്തിക്കുകയാണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ 164 താപനിലയങ്ങളിൽ 100 എണ്ണത്തിലും കൽക്കരി ശേഖരം തീർത്തും കുറവാണെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കു വ്യക്തമാക്കുന്നു.