കോഴിക്കോട്: ലീവിന് നാട്ടിലെത്തിയ പ്രവാസിയുടെ തലയില്‍ തേങ്ങ വീണ് മരിച്ചു. ബൈക്കിൽ സഞ്ചരിക്കവേ തലയിൽ തേങ്ങാ വീഴുകയായിരുന്നു. കൊങ്ങന്നൂര് പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന് പി.പി മുനീര്‍ (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയ്ക്ക് മരണപ്പെട്ടു.
ഈ മാസം 12ന് വൈകുന്നേരം 6 മണിയോടെയാണ് അപകടം ഉണ്ടായത്. തറവാട് വീട്ടില്‍ അസുഖ ബാധിതനായി കിടക്കുന്ന ഉപ്പയെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയാണ് വഴിയരികിലെ തെങ്ങില്‍നിന്ന് മുനീറിന്റെ തലയില്‍ തേങ്ങ വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ മുനീറിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
മുനീര്‍ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുന്‍പാണ് നാട്ടിലെത്തിയത്. സൗദി അറേബ്യയിലെ ഹയാല്‍ പ്രവിശ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. മാതാവ്: ആമിന. മക്കള്‍: ഫാത്തിമ ഫഹ്മിയ, ആയിഷ ജസ്വ (ഒമ്പതാം ക്ലാസ്, അത്തോളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍) സഹോദരന്: പി.പി. നൗഷാദ്, പി.പി. നൗഷിദ.