സർക്കാർ ആശുപത്രിയിൽ പ്രസവ വാർഡിൽ സിമന്റ് പാളി അടർന്നു വീണു, ജീവൻ തിരികെ കിട്ടിയത് ഭാഗ്യമെന്ന് രോഗികൾ

കോട്ടയം : സർക്കാർ ആശുപത്രിയിൽ പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്നും സിമന്റ് പാളി അടർന്നു വീണു. തലനാരിഴയ്ക്കാണ് രോഗികൾ രക്ഷപ്പെട്ടത്. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രസവ ശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന നാലാം വാർഡിലേക്കുള്ള വഴിയിലെ മുകൾ ഭാഗത്തുള്ള സിമന്റ് പാളിയാണ് അടർന്നു വീണ് അപകടം ഉണ്ടായത്.

കാലപ്പഴക്കം ചെന്ന കെട്ടിടമായതിനാൽ പല ഭാഗത്ത് നിന്നും ഇത്തരത്തിൽ സിമന്റ് പാളികൾ അടർന്നു വീഴാറുണ്ട്. ജീവനക്കാരുൾപ്പെടെ നിരവധി ആളുകൾ ഇതിൽ ആശങ്കയിലാണ്. അപകടം ഉണ്ടായ സമയം വാർഡിൽ ക്ലീനിംഗ് നടക്കുന്നതിനാൽ നിരവധി സ്ത്രീകൾ ഈ സമയം വരാന്തയിൽ നിൽക്കുകയായിരുന്നു.

തലനാരിഴയ്‌ക്കാണ് ഇവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിലെ ഇത്തരം പ്രശ്നങ്ങൾ പൊതുജനത്തെ വലയ്ക്കും. ജീവൻ രക്ഷിക്കാൻ ആശുപത്രിയിൽ എത്തുന്നവരുടെ ജീവൻ തന്നെ അപകടത്തിൽ ആക്കുന്ന ഇത്തരം പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.