മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായി. ബിഷ്ണുപൂരിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മൂന്നു പേരും മെയ്തെയ് വിഭാ​ഗത്തിൽ പെട്ടവരാണ്. ആക്രമിച്ചത് കുക്കികളാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

മണിപ്പൂരിലെ കലാപങ്ങൾക്ക് പിന്നിൽ ആരാണെന്ന് ലോകത്തിന് അറിയാമെന്ന് മുഖ്യമന്ത്രി ബീരേൻ സിം​ഗ്. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. അവർ വിതച്ചതിന്റെ ഫലമാണ് നമ്മളിപ്പോൾ കൊയ്യുന്നത് കോൺ​ഗ്രസിനെ ഉന്നം വച്ച് ബീരേൻ സിം​ഗ് പറഞ്ഞു.

കൃത്യമായി ആസൂത്രണം ചെയ്ത രാഷ്ട്രീയനീക്കമാണ് മണിപ്പൂരിലെ കലാപങ്ങൾക്ക് പിന്നിലെന്നാണ് ബീരേൻ സിം​ഗിന്റെ ആരോപണം. ശരിയായ സമയത്ത് പ്രശ്നം പരിഹരിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറായിരുന്നില്ല. സംസ്ഥാനത്തെ ജനങ്ങൾ വിഭജിക്കപ്പെടുന്നതിനെ ജീവൻ കൊടുത്തും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ​ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം രാഷ്ട്രീയലക്ഷ്യം മുന്നിൽക്കണ്ടുള്ളതാണെന്ന് ബിരേൻ സിം​ഗ് ആരോപിച്ചു. “ഇങ്ങോട്ട് വരുന്നതിൽ ആരെയും തടയാനാവില്ല. പക്ഷേ, സമയം…ഒന്നോർത്തുനോക്കൂ, ഇവിടെ പ്രശ്നങ്ങൾ തുടങ്ങിയിട്ട് 40 ദിവസത്തിലധികമായി. അദ്ദേഹം എന്താണ് നേരത്തെ വരാതിരുന്നത്. അദ്ദേഹം വന്ന ഉടനെ ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായി. സംസ്ഥാനത്തെ അവസ്ഥയറിയാനാണോ രാഷ്ട്രീയനേട്ടമുണ്ടാക്കാനാണോ അദ്ദേഹം വന്നത്. വന്ന രീതിയോട് എനിക്ക് യോജിക്കാനാവില്ല”- ബീരേൻ സിം​ഗ് പറഞ്ഞിരുന്നു.