കോട്ടയത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം,പോലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു.

 

കോട്ടയം/ കോട്ടയം കളക്ട്രേറ്റിലേക്ക് നടന്ന കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടർന്ന് പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നൂറിലേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മാര്‍ച്ച് അക്രമാസക്തമായ തോടെ പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയുണ്ടായി.

പ്രവര്‍ത്തകര്‍ കളക്ട്രേറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലുകളും മരക്കഷണങ്ങളും വലിച്ചെറിഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ ഭാഗീകമായി ഗതാഗത സ്തംഭനവും ഉണ്ടായി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിസി വിഷ്ണുനാഥ് എന്നിവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് സംഘർഷം ഉണ്ടാവുന്നത്. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. തുടര്‍ന്ന് പ്രതിഷേധം ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിന് മുന്‍പിലേക്ക് നീങ്ങി.

കല്ലേറിൽ ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിൻ്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. കലക്ടറേറ്റിനു മുന്നിലെ ഇടതു സംഘടനകളുടെ ഫ്ളക്സ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. പരിക്കേറ്റവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിനു നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ഉൾപ്പെടെ പരുക്കേറ്റിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചാണ് ശനിയാഴ്ച കോണ്‍ഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്.