ഹരിയാന കോൺഗ്രസിന് തിരിച്ചടി, എംഎൽഎ കിരൺ ചൗധരിയും മകളും ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഹരിയാനയിലെ മുൻ കോൺഗ്രസ് നേതാവും എംഎൽഎയുമായ കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി നയാബ് സിങ് സൈനി, മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരുടെ സാന്നിധ്യത്തിൽ രാജ്യ തലസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. മകൾ ശ്രുതിക്ക് ലോക്‌സഭ സീറ്റ് നൽകാത്തതിന്‍റെ അതൃപ്‌തിയിലാണ് കിരണ്‍ ചൗധരി കോൺഗ്രസ് വിട്ടതെന്നാണ് വിവരം.

കോൺഗ്രസിനായി ഞാൻ കഠിനാധ്വാനം ചെയ്തു. എന്നാൽ ഏതാനും വർഷങ്ങളായി ഹരിയാന കോൺഗ്രസ് വ്യക്തി കേന്ദ്രീകൃത പാർട്ടിയായി മാറുന്നത് ശ്രദ്ധയിൽപ്പെട്ടു. മുതിർന്ന നേതാക്കൾ പോലും പാർട്ടി വിടുന്നത് നേതൃത്വം കാരണമാണ്. രാജി തീരുമാനം എന്റെ അനുയായികൾക്ക് നീതി ലഭിക്കണം എന്നതിനാലാണ്“ -കിരൺ ചൗധരി പറഞ്ഞു.

ഹരിയാന മുൻ മുഖ്യമന്ത്രി ബൻസി ലാലിൻ്റെ മരുമകളും ഭിവാനി ജില്ലയിലെ തോഷാമിൽ നിന്നുള്ള സിറ്റിങ് എം.എൽ.എയുമാണ് കിരൺ ചൗധരി. കോൺഗ്രസിൻ്റെ ഹരിയാന യൂണിറ്റിൻ്റെ വർക്കിങ് പ്രസിഡൻ്റായിരുന്നു ശ്രുതി ചൗധരി.