ചിന്തൻ ശിബിറിന്റെ അലയൊലികൾ അടങ്ങും മുമ്പ് അഞ്ച് മുൻനിര നേതാക്കൾ പാർട്ടിവിട്ടു

നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ ഉ​ദയ്പുരിൽ നടത്തിയ ചിന്തൻ ശിബിറിന്റെ അലയൊലികൾ അടങ്ങും മുമ്പേ അഞ്ച് മുൻനിര നേതാക്കളാണ് പാർട്ടിവിട്ടത്. രാജസ്ഥാൻ, മധ്യപ്രദേശ്, ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ കൂടുതൽ പ്രതിസന്ധിയിലായി കോൺ​ഗ്രസ്. 2024 പൊതുതെരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം അവശേഷിക്കെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

നെഹ്റു കുടുംബാധിപത്യത്തിനെതിരെയുള്ള അലയൊലികൾ കോൺ​ഗ്രസിൽ മുമ്പേ തുടങ്ങിയിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഫലമാണ് കപിൽ സിബലിന്റെ പാർട്ടിവിടൽ. പാർട്ടിയിൽ സോണിയാ​ഗാന്ധി, രാഹുൽ ​ഗാന്ധി, പ്രിയങ്കാ ​ഗാന്ധി, ഇവരുടെ ആശ്രിതർ എന്നിവർക്ക് ലഭിക്കുന്ന അപ്രമാദിത്തത്തിൽ ജി-23 നേതാക്കൾ അസംതൃപ്തരാണ്. പാർട്ടിയിൽ സമൂലമായ മാറ്റവും സംഘടനാപരമായ പുതുക്കലും ആവശ്യമാണെന്ന് ഇവർ ആവർത്തിച്ചെങ്കിലും ചിന്തൻ ശിബിറിലും പ്രതീക്ഷകളൊന്നുമുണ്ടായില്ല.

ഗുജറാത്തിൽ കോൺ​ഗ്രസിന് ഏറെ ​ഗുണം ചെയ്യുമെന്ന് കരുതിയ പാട്ടീദാർ നേതാവ് ഹർദിക് പട്ടേൽ, മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കപിൽ സിബൽ തുടങ്ങിയ വമ്പന്മാരുടെ കൊഴിഞ്ഞുപോക്ക് പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കും എന്നതിൽ സംശയമില്ല. നേരത്തെയും സിബൽ പാർട്ടിക്കെതിരെ പല വേദികളിൽ കടുത്ത വിമർശനമുന്നയിച്ചിരുന്നു. കപിൽ സിബലിന്റെ രാജിയോ‌ട് ജി-23 നേതാക്കൾ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. ​

ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള നേതാക്കൾ കോൺ​ഗ്രസ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സിബൽ രാജിവെച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ അധികാരത്തിലുണ്ടായിരുന്ന പാർട്ടിയുടെ കനത്ത തോൽവിയെ തുടർന്ന് ദേശീയ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുണ്ടായിരുന്നു.