നിയമസഭയിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി എംഎല്‍എമാർ ; മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധവുമായി പ്രതിപക്ഷം. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധാര്‍ഥം എം.എല്‍.എമാരായ മാത്യു കുഴല്‍നാടനും ഷാഫി പറമ്പിലും കറുപ്പ് വസ്ത്രം ധരിച്ച് സഭയിലെത്തി. ഇന്ധനസെസ് വര്‍ദ്ധന, നികുതി വര്‍ദ്ധനവ്, പോലീസ് അതിക്രമങ്ങള്‍, ജനങ്ങളെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്ര എന്നിവ ചൂണ്ടിക്കാട്ടിയുള്ള പ്ലക്കാര്‍ഡാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയത്.

നികുതി വര്‍ദ്ധനവ്, ഇന്ധനസെസ് വര്‍ദ്ധന എന്നിവയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് നിയമസഭയുടെ എട്ടാം സമ്മേളനം പുനരാരംഭിച്ചത്. പ്രതിഷേധത്തിനിടയിലും ചോദ്യോത്തര വേള തടസ്സപ്പെടുത്തിയില്ല. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചു. നിയമസഭയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ പോലീസ് നടപടിയില്‍ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് നൽകുകയുണ്ടായി.

അതേസമയം, തനിക്കെതിരായ സമരം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാന്‍ ശ്രമം നടന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കറുപ്പിനോട് വിരോധമില്ല. കുറച്ച് മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് വേണ്ടി പടച്ചുവിടുന്നതാണ് കറുപ്പ് വിരോധമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇന്ധനസെസിനെ ന്യായീകരിച്ചും സഭയില്‍ മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തില്‍ യുഡിഎഫ്, ബിജെപി സമരങ്ങളുടെ കാരണം ആദ്യം മനസിലാക്കണം. രണ്ട് രൂപ ഇന്ധന സെസാണ് കാരണം പറയുന്നത്.