എം.എല്‍.എ സ്ഥാനം രാജിവെച്ച പത്ത് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഗോവയില്‍ കഴിഞ്ഞ ദിവസം എം.എല്‍.എ സ്ഥാനം രാജിവച്ച പത്തു കോണ്‍ഗ്രസ് നേതാക്കളും ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി പ്രസിഡന്റ് ജെ.പി.നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് പത്ത് എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി പാര്‍ട്ടി ആസ്ഥാനത്തായിരുന്നു ചടങ്ങ് നടന്നത്.

ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിനെ ആകെയുള്ള 15 എം.എല്‍.മാരില്‍ 10 പേരാണ് ബി.ജെ.പി.യിലേക്ക് പോയത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലാണ് 10 പേരും നിയമസഭാ സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കിയത്. ബാബു കാവ്‌ലേക്കര്‍, ബാബുഷ് മൊണ്‍സെറാട്ട് ,ജെനിഫര്‍ മോണ്‍സെറാട്ട്, ടോണി ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് സില്‍വീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലിയോഫാസിയോ, വില്‍ഫ്രഡ് ഡി.എസ്.എ, നീലകാന്ത് ഹലാര്‍ങ്കര്‍, ഇസിഡോര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് മറ്റ് എംഎല്‍എമാര്‍. ഇന്നലെ രാത്രി 7.30ഓടെ നിയമസഭാ മന്ദിരത്തിലെത്തിയാണ് സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയും നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നു. 10 പേര്‍ കൂടി ബി.ജെ.പിയിലേക്ക് പോകുന്നതോടെ സഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള അംഗബലം അഞ്ചായി കുറയും.