സര്‍വീസ് നടത്താനാവുന്നില്ല, MVD നടപടികളിൽ കോടതിയലക്ഷ്യ ഹര്‍ജിയുമായി റോബിന്‍ ബസുടമ

തിരുവനന്തപുരം : സമാനതകളില്ലാത്ത വേട്ടയാടലാണ് റോബിൻ എന്ന സ്വകാര്യ ബസിന് നേരെ MVD നടത്തുന്നത്. മോട്ടോര്‍വാഹന വകുപ്പിന്റെ തുടര്‍ച്ചയായ പരിശോധനയും വാഹനം പിടിച്ചെടുക്കലും കാരണം സര്‍വീസ് നടത്താനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി റോബിന്‍ ബസ് ഉടമ കെ. കിഷോര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഗതാഗതവകുപ്പു സെക്രട്ടറി സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചു.

റോബിന്‍ബസിന്റെ സർവീസ് നിരതാരം മുടക്കാൻ ശ്രമിക്കുകയാണ് എംവിഡി. സര്‍വീസ് നടത്താന്‍ അനുകൂല ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുന്നെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന റോബിന്‍ ബസിന് മോട്ടോര്‍ വാഹന വകുപ്പു നിരന്തരം പിഴ ഈടാക്കിയിരുന്നു.

ഇതിലൂടെ ഉടമയ്ക്ക് ഭീമമായ തുക പലതവണയും പിഴയായി അടയ്‌ക്കേണ്ടി വരുന്നു. പിന്നാലെ പിഴ അടയ്ക്കാത്തതിനെത്തുടര്‍ന്ന് ബസ് പിടിച്ചെടുത്തിരുന്നു. കോണ്‍ട്രാക്ട് കാരേജ് ലൈസന്‍സുള്ള റോബിന്‍ ബസ് സ്റ്റേജ് കാരേജായി ഓടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നടപടിയെടുത്തത്.