സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ വലിയ നഷ്ടത്തിൽ, നിയമസഭയിൽ സമ്മതിച്ച് വി എൻ വാസവൻ

തിരുവനന്തപുരം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നഷ്ടത്തിലെന്ന് സമ്മതിച്ച് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പുൽപ്പെടെയുള്ള സംഭവങ്ങളാണ്സഹകരണ സംഘങ്ങള്‍ നഷ്ടത്തിലാകാന്‍ പ്രധാന കാരണം.അനധികൃത വായ്പയും തെറ്റായ ധനകാര്യ മാനേജ്മെന്റ് രീതിയിലൂടെയും പല സ്ഥാപനങ്ങളും നഷ്ടത്തിലായിട്ടുണ്ട്. എന്നാൽ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളില്‍ നിന്ന് നിക്ഷേപത്തുക മടക്കിനല്‍കാന്‍ കഴിയാത്ത സാഹചര്യം നിലവിലില്ലെന്നാണ് മന്ത്രി വാസവന്‍ പറയുന്നത്.

16,062 സഹകരണ സംഘങ്ങളാണ്ര ണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ഇപ്പോള്‍ അത് 16,329 ആയി വർദ്ധിച്ചു. എന്നാല്‍ ഇവയിൽ 12,222 എണ്ണവും നഷ്ടത്തിലാണെന്ന് മന്ത്രി തന്നെ നിയമസഭയിൽ സമ്മതിച്ചു. എന്നാൽ കഴിഞ്ഞവര്‍ഷം ഇതേ മന്ത്രി നിയമസഭയില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞത് 164 സംഘങ്ങള്‍ നഷ്ടത്തിലുണ്ടെന്നാണ്.

സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി വര്‍ധിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്. സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ആരംഭിച്ചത് മുതല്‍ രണ്ട് ലക്ഷം രൂപയായിരുന്നു പരിധി. എന്നാല്‍, പണം നിക്ഷേപിച്ചിട്ടുള്ള സഹകരണ സ്ഥാപനം ബോര്‍ഡില്‍ അംഗമാണെങ്കില്‍ മാത്രമെ പണം തിരികെ ലഭിക്കൂ. ബാങ്ക് ബോര്‍ഡില്‍ അംഗമല്ലെങ്കില്‍ പണം തിരികെ കിട്ടുമെന്നതിന് യാതൊരു ഉറപ്പുമില്ല.