കൊറോണ മൂന്നാം തരംഗം തള്ളിക്കളയാനാകില്ല, രണ്ടാഴ്‌ച്ച മുന്നേ എത്തിയേക്കാം: ഐസിഎംആർ

കൊറോണയുടെ മൂന്നാം തരംഗ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഐസിഎംആർ മുന്നറിയിപ്പ്. രണ്ടാം തരംഗത്തെക്കാൾ വളരെ തീവ്രതയേറിയതാകും മൂന്നാംതരംഗമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി. അതിനാൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഐസിഎംആർ നിർദ്ദേശിച്ചു. വിനോദ സഞ്ചാരികൾ കർശനമായി ജാഗ്രത പാലിക്കണമെന്നും ജനങ്ങൾ കൂട്ടായ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഐസിഎംആർ അറിയിച്ചിട്ടുണ്ട്.

പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കർശനമായും നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റും, കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കണമെന്നാണ് നിർദ്ദേശം. ഏപ്രിൽ മുതൽ തുടങ്ങിയ കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തെ വലിയ രീതിയിൽ ബാധിച്ചു. ഇതിൽ നിന്നും രാജ്യം മുക്തി നേടുന്നതേയുള്ളൂവെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.

ദേശീയ ശരാശരിയെക്കാൾ ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതലുണ്ടായത്. ഗണിതശാസ്ത്ര മാതൃകയെ അടിസ്ഥാനമാക്കി ബൽറാം ഭാർഗവയും ഡോക്ടർ സമീർ പാണ്ഡെയും ഉൾപ്പെടെ ഐസിഎംആറിലെ ഉന്നത ശാസ്ത്രജ്ഞർ ഇതുസംബന്ധിച്ച് പഠനം നടത്തിയിരുന്നു. മൂന്നാം തരംഗത്തിൽ 47 ശതമാനം വർദ്ധനവ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. പ്രതീക്ഷിക്കപ്പെട്ടതിനെക്കാൾ രണ്ടാഴ്‌ച്ച മുൻപ് തന്നെ മൂന്നാം തരംഗം ഉണ്ടായേക്കാനും സാദ്ധ്യതയുണ്ടെന്ന് ഐസിഎംആർ നടത്തിയ പഠനത്തിൽ പറയുന്നു.