ആ യാത്ര അവസാന യാത്രയായി, കാര്‍ ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചങ്ങനാശ്ശേരി എംസി റോഡില്‍ തുരുത്തി പുന്നമൂട്ടിലാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു കുറിച്ചി പുത്തന്‍പാലം വഞ്ഞിപ്പുഴയില്‍ സൈജു (43), ഭാര്യ വിബി (39) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് അപകടം ഉണ്ടായത്.

തിരുവല്ല വള്ളംകുളത്ത് ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി സൈജുവും വിബിയും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ എതിര്‍ ദിശയില്‍ നിന്നും നിയന്ത്രണം വിട്ടെത്തിയ കാര്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറുമായി നിരങ്ങിനീങ്ങിയ കാര്‍ സമീപത്തെ ചായക്കടയില്‍ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും ചെത്തിപ്പുഴ ആശുപത്രിയിലും എത്തിച്ചെങ്കിലും സൈജു സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

വിബിയെ ഗുരുതര പരിക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോര്‍ത്ത് പറവൂര്‍ ഏഴിക്കര സ്വദേശി ജോമോനും(47) കുടുംബവും സഞ്ചരിച്ച കാറാണ് സൈജുവിന്റെ ബൈക്കിലിടിച്ചു കയറിയത്. പരുമല പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സൈജുവിന്റെയും വിബിയുടെയും മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മക്കള്‍: അമല്‍ (കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി), പരേതനായ ഏബല്‍. സംസ്‌കാരം പിന്നീട്. വേഴപ്ര വഞ്ഞിപ്പുഴ പരേതനായ കുഞ്ഞച്ചന്‍-മറിയാമ്മ ദമ്പതികളുടെ മകനാണ് സൈജു. സഹോദരങ്ങള്‍: സാബു, സാജു, സില്‍വിയ. ചിങ്ങവനം തോട്ടത്ര പരേതനായ ആന്‍ഡ്രൂസ് – വത്സമ്മ ദമ്പതികളുടെ മകളാണ് വിബി. സഹോദരങ്ങള്‍: വിജി, ഐവി.’,