കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടക്കേസിൽ മുൻ പ്രിൻസിപ്പലിന്റെയും വിശാഖിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഷൈജുവിന്റെയും എസ്എഫ്‌ഐ നേതാവ് വിശാഖിന്റെയും ജാമ്യാപേക്ഷ തള്ളി. വെള്ളിയാഴ്ചയായിരുന്നു ഇരുവരും കാട്ടാക്കട ഫാസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇനി ജാമ്യത്തിനായി ഇരുവരും തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിക്കണം.

കേസില്‍ പ്രതികളായ ഇരുവരും മുമ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി അപേക്ഷ തള്ളിയതോടെ ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. കോളേജില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച അനഘ എന്ന പെണ്‍കുട്ടിക്ക് പകരം വിശാഖിന്റെ പേര്‍ പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് നല്‍കുകയായിരുന്നു.

സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ജിജെ ഷൈജുവിനെ നീക്കുകയും വിശാഖിനെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.