ലോകത്താദ്യമായി ഫൈസര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 90കാരിയായ മാര്‍ഗരറ്റ് കീനന്‍

ലോകത്താദ്യമായി ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത് 90കാരിയായ മാര്‍ഗരറ്റ് കീനന്‍. ബ്രിട്ടണില്‍ ഫൈസര്‍ വാക്‌സിന്‍ ആദ്യമായി സ്വീകരിച്ച ശേഷം ഇത് തനിക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള ജന്മദിന സമ്മാനമാണെന്ന് മാര്‍ഗരറ്റ് പ്രതികരിച്ചു. അടുത്തയാഴ്ച 91ാം ജന്മദിനം ആഷോഷിക്കാനിരിക്കെയാണ് മാര്‍ഗരറ്റ് കീനന്‍ വാക്‌സിന്‍ സ്വീകരിക്കുന്നത്. വടക്കന്‍ ഐലന്‍ഡിലെ എന്നിസ്‌കില്ലന്‍ സ്വദേശിയാണ് മാര്‍ഗരറ്റ് കീനന്‍.

കൊവെന്‍ട്രിയിലെ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്ന് ലണ്ടന്‍ സമയം രാവിലെ 6.30നാണ് മാര്‍ഗരറ്റ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടെ ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയെന്ന് ബഹുമതി മാര്‍ഗരിറ്റിന്റെ പേരിലായി. പ്രതിരോധ കുത്തിവെപ്പെടുക്കുന്ന ആദ്യത്തെ വ്യക്തിയെന്ന വിശേഷണത്തിനുടമായയതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മാര്‍ഗരറ്റ് പ്രതികരിച്ചു. വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ വരുന്ന പുതുവര്‍ഷത്തില്‍ തനിക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ഒന്നിച്ച് ചെലവഴിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ഗരറ്റ് പറഞ്ഞു.

കോവിഡ് പ്രതിസന്ധികളെത്തുടര്‍ന്ന് വര്‍ഷം മുഴുവന്‍ ഒറ്റയ്ക്കാണ് കഴിഞ്ഞത്. ഇത് ഞാനാഗ്രഹിക്കുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനമാണെന്നും മാര്‍ഗരറ്റ് പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ആളുകള്‍ മടി കാണിക്കേണ്ട കാര്യമില്ലെന്നും മാര്‍ഗരറ്റ് പറഞ്ഞു. 91 വയസ്സുകാരിയായ തനിക്ക് വാക്‌സിന്‍ സ്വീകരിക്കാമെങ്കില്‍ നിങ്ങള്‍ക്ക് വളരെയെളുപ്പം അത് സാധിക്കുമെന്നും മാര്‍ഗരറ്റ് പറഞ്ഞു.

ഫൈസറും ബയോടെകും സംയുക്തമായി വികസിപ്പിച്ചിരിക്കുന്ന വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടണ്‍. അതുകൊണ്ട് തന്നെ ലോകത്താദ്യമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന രാജ്യമെന്ന വിശേഷണവും ബ്രിട്ടനുണ്ട്. വാക്‌സിന്‍ വിതരണം ചെയ്തു തുടങ്ങിയതോടെ രാജ്യം മുഴുവന്‍ ആകാംഷയോടെയാണ് ബ്രിട്ടനെ വീക്ഷിക്കുന്നത്.

പ്രായമായവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ മുന്‍ഗണനാ ക്രമത്തിലാകും വാക്‌സിന്‍ വിതരണം ചെയ്യുക. അവസാന ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്രതിരോധ പ്രശ്‌നങ്ങളൊന്നുമില്ലാതെ വാക്‌സിന്‍ 95% ഫലപ്രദമാണെന്ന് ഫിസറും ബയോ ടെക്കും നേരത്തേ പ്രതികരിച്ചിരുന്നു. 2020 ലും 2021 ലും 40 ദശലക്ഷം ഡോസുകള്‍ യുകെയിലേക്ക് വിതരണം ചെയ്യുന്നതിനുള്ള കരാറിലാണ് കമ്പനികള്‍ ഒപ്പുവെച്ചിരിക്കുന്നത്. ആദ്യപടിയായി വാക്‌സിന്റെ ഒരു കോടി ഡോസുകള്‍ ഉടന്‍ ലഭ്യമാക്കും. ആദ്യപടിയായി എട്ട് ലക്ഷത്തോളം വാക്‌സിന്‍ ഡോസുകളാണ് യുകെയിലെത്തിച്ചത്.