രാജ്യത്തിന്റെ ആശങ്ക വര്‍ദ്ധിക്കുന്നു, ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 66,000 ത്തിലധികം കൊവിഡ് രോഗികള്‍

ദില്ലി: കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഇന്ത്യ മുന്നിട്ടുകൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം ദിനംപ്രതി കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 66,999 പേര്‍ക്കാണ്. ആരോഗ്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്.ഇതാദ്യമായാണ് ഒറ്റ ദിവസത്തിനുള്ളിൽ ഇത്ര അധികം പേർക്ക് രോഗം ബാധിക്കുന്നത്.ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 23,96638 ആയി.16,95,982 പേർ സുഖം പ്രാപിച്ചു.6,53,622പേർ ചികിത്സയിൽ തുടരുന്നു. പ്രതി ദിന രോഗികളുടെ എണ്ണം കുറയാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നു.

കർണാടകയിൽ ആദ്യമായി രോഗികളുടെ എണ്ണം പ്രതിദിനം 7034 ആയി ഉയർന്നു. ഉത്തർ പ്രദേശിലും, ബിഹാറിലും പുതിയ രോഗികളുടെ എണ്ണം അയ്യായ്യിരം തൊടുന്നു. നിലവിലെ സാഹചര്യത്തിൽ ഡിസംബർ അവസാനത്തോടെയെങ്കിലും ഇന്ത്യക്ക് കോവിഡ് പ്രതിരോധ വാക്സിൻ അത്യാവശ്യമാണ് എന്ന് പ്രമുഖ മരുന്ന് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല പറഞ്ഞു. ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ നിർമാണ പങ്കാളികളാണ് സിറം.

ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ മരുന്ന് പരീക്ഷണം അവസാന ഘട്ടത്തിലാണ്. റഷ്യ വികസിപ്പിച്ച മരുന്നിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷം മാത്രം വാങ്ങിയാൽ മതിയെന്ന് കേന്ദ്ര സർക്കാർ രൂപീകരിച്ച വിദഗ്ദ്ധ സംഘം തീരുമാനിച്ചു. കോവിഡ് മരുന്നുകളെക്കുറിച്ചു പഠിക്കാനാണ് കേന്ദ്ര സർക്കാർ വിദഗ്ദ്ധരുടെ സമിതി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം നീതി അയോഗ് അംഗം വി. കെ. പോളിന്റെ നേതൃത്വത്തിൽ കഴിഞ്ഞ സമിതി യോഗം ചേർന്നിരുന്നു.
കൈരളി ന്യൂസ്‌