ആശങ്ക വേണ്ട; മാസ്ക് ധരിക്കണമെന്ന് വീണാ ജോർജ്

കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റു വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.

രണ്ടാം ഡോസ് വാക്‌സീന്‍ എടുക്കാനുള്ളവരും പ്രിക്കോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രിക്കോഷന്‍ ഡോസ് എടുക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്തെയും ജില്ലകളുടെയും കോവിഡ് സ്ഥിതി യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതലുള്ളത്. ആ ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം.