കോവിഡ് വാക്‌സിന്‍‍ രണ്ടാം ഡോസ് സ്വീകരിച്ചത് മാറിപ്പോയെങ്കില്‍ ആശങ്കപ്പേടേണ്ടതില്ല

ന്യൂദല്‍ഹി : കോവിഡ് വാക്‌സിനേഷനില്‍ രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചത് മാറിപ്പോയിട്ടുണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍. ഏത് വാക്‌സിന്‍ സ്വീകരിച്ചാലും സുരക്ഷിതമാണ്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ രണ്ടാമത്തെ വാക്‌സിന്‍ നല്‍കിയത് മാറിപ്പോയ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. അബദ്ധത്തില്‍ വാക്‌സിനുകള്‍ മാറിപ്പോയവര്‍ ആശങ്കപ്പെടേണ്ടതില്ല. രാജ്യത്ത് രണ്ട് വ്യത്യസ്ത കൊറോണ വാക്സിനുകള്‍ കലര്‍ത്തി നല്‍കുന്നതില്‍ ആഗോള തലത്തിലെ പഠനവും ഗവേഷണവും തുടരുകയാണ്. എന്നാല്‍ വ്യത്യസ്ത വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും വി.കെ. പോള്‍ പറഞ്ഞു.

അതേസമയം ഫൈസര്‍ വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരും ഫൈസര്‍ കമ്ബനിയുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ജൂലൈ രണ്ടാം വാരത്തോടെ വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.