കൊവിഡിന്റെ എക്സ് ഇ വകഭേദമല്ല; സ്ഥിരീകരണം വന്നത് ജിനോമിക് പരിശോധനയിൽ

മുംബയ്: അമ്പതുകാരിയായ മുംബയ് സ്വദേശിയിൽ കണ്ടെത്തിയത് കൊവിഡിന്റെ പുതിയ എക്സ് ഇ വകഭേദമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു . രോഗിയുടെ സാമ്പിളുകളിൽ നടത്തിയ ജിനോമിക് പരിശോധനയിലാണ് എക്സ് ഇ വകഭേദമല്ലെന്ന് കണ്ടെത്തിയത്. നേരത്തെ യുവതിക്ക് ബാധിച്ചത് ബിഎ.2 വകഭേദത്തെക്കാൾ പത്ത് ശതമാനം കൂടുതൽ വേഗത്തിൽ പകരാൻ സാദ്ധ്യതയുള്ള എക്സ് ഇ വകഭേദമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 376 സാംപിളുകൾ പരിശോധിച്ചതിൽ ഒരാൾക്കാണ് എക്സ് ഇ രോഗബാധ കണ്ടെത്തിയത്. യുകെയിലാണ് ഈ വകഭേദത്തിന്റെ ആദ്യകേസ് റിപ്പോർട്ട് ചെയ്‌തത്.

പുതുതായി രോഗം ബാധിച്ച സ്ത്രീ രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തിരുന്നെന്നും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും ആരോഗ്യവിദഗ്‌ദ്ധർ പറഞ്ഞു. മറ്റ് രോഗങ്ങളും ഇവർക്ക് ഇല്ലാത്തതിനാൽ ആരോഗ്യകാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 10ാം തീയതി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ ഇവരിൽ അന്ന് തന്നെ കൊവിഡ് പരിശോധന നടത്തിയിരുന്നു.