സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഐഎമ്മിന്റെ ബോധവത്കരണ പരിപാടി ‘സ്ത്രീപക്ഷകേരളം’ ഇന്ന് മുതൽ

സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരില്‍ പ്രബുദ്ധ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഎമ്മിന്റെ പ്രചരണ ബോധവത്കരണ ക്യാംപയിന്‍ ഇന്നാരംഭിക്കും. ‘സ്ത്രീപക്ഷകേരളം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒരാഴ്ച നീണ്ട് നിൽക്കും.

ക്യാമ്പയിനിൽ യുവാക്കളും വിദ്യാർത്ഥികളും,സാമൂഹ്യ സാസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കാളികളാകും. ഗൃഹസന്ദർശനം അടക്കമുള്ള വിപുലമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. എട്ടാം തീയതി പ്രദേശികാടിസ്ഥാനത്തിൽ പൊതു പരിപാടികൾ സംഘടിപ്പിക്കും.

സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പ്രതിപക്ഷവും ക്യാംപയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. കച്ചവടമല്ല കല്യാണം എന്ന ടാഗ് ലൈനോടെയാണ് ‘മകള്‍ക്കൊപ്പം’ എന്ന ക്യാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീ ദുര്‍ബലയല്ല, ആത്മഹത്യയല്ല, പോരാട്ടമാണ് പ്രതിവിധി എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കുവെച്ച പോസ്റ്ററില്‍ പറഞ്ഞിരുന്നു.