സിപിഎം ഗുണ്ടായിസം, സ്വന്തം പറമ്പിൽ നിന്ന് തേങ്ങ വെട്ടുന്നതിന് വയോധികയ്ക്ക് വിലക്ക്

നീലേശ്വരം : സ്വന്തം പറമ്പിൽനിന്ന് തേങ്ങ പറിച്ചെടുക്കുന്നതിന് വയോധികയ്‌ക്ക് വിലക്ക്. നീലേശ്വരം പാലായിയിലെ എം.കെ. രാധയ്‌ക്കാണ്‌ (70) സിപിഎം പ്രവർത്തകർ വിലക്കേർപ്പെടുത്തിയത്. ശനിയാഴ്ച പടന്നക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളിയെത്തി തെങ്ങിൽ കയറുന്നതിനിടെയാണ് പ്രാദേശിക സിപിഎം നേതാക്കൾ സ്ഥലത്തെത്തി തടഞ്ഞത്

ആറ് സിപിഎം പ്രവർത്തകർക്കെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് രാധ പരാതി നൽകി. അസഭ്യം പറയുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും വയോധികയുടെ പരാതിയിലുണ്ട്. പിണറായിയാണ് നാട് ഭരിക്കുന്നതെന്ന ഓർമ്മ വേണമെന്ന് പറഞ്ഞായിരുന്നു നേതാക്കളുടെ ഭീഷണി. തേങ്ങയിടാൻ വന്ന തെങ്ങുകയറ്റ തൊഴിലാളിയെ ഇവർ മർദ്ദിക്കുന്നതുൾപ്പടെയുള്ള ദൃശ്യങ്ങൾ പുറത്തു വന്നു.

രാധ, രാധയുടെ മകൾ ബീന, ഇവരുടെ പേരക്കുട്ടി എന്നിവർക്ക് നേരെയായിരുന്നു സിപിഎമ്മിന്റെ അസഭ്യപ്രയോഗം. എട്ട് വർഷത്തോളമായി തങ്ങളുടെ സ്വന്തം സ്ഥലത്ത് സിപിഎമ്മിന്റെ ഊരുവിലക്കാണെന്ന് ബീന പറഞ്ഞു. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് 2016 മുതൽ പ്രദേശത്ത് പ്രശ്നം നിലവിലുണ്ട്. റോഡ് നിർമാണത്തിൽ സ്ഥലം വിട്ടുനൽകാത്തതാണ് പ്രശ്നത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് കേസുകളുമുണ്ട്.