തുറമുഖ സമരത്തിനെതിരെ ഒന്നിച്ച് സിപിഎമ്മും ബിജെപിയും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ വേദി പങ്കിട്ട് സി.പി.എം- ബി.ജെ.പി. നേതാക്കള്‍. സമരത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ ലോംഗ് മാർച്ചിലാണ് ഇരുപാർട്ടിയിലേയും നേതാക്കൾ തമ്മിൽ കൈകോർത്തത്. സിപിഎമ്മിനുവേണ്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപിയ്‌ക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് വി.വി രാജേഷും സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന മാർച്ചിൽ പങ്കെടുത്തു.

തുറമുഖ വിരുദ്ധ സമരങ്ങൾക്ക് എതിരായ സമരങ്ങളെ സിപിഎം പിന്തുണയ്‌ക്കുമെന്ന് ആനാവൂർ നാഗപ്പൻ അറിയിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാലങ്ങളായി ആലോചിച്ചും ചർച്ച നടത്തിയും രൂപം കൊടുത്ത പദ്ധതിയാണിതെന്നും ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.

വിഴിഞ്ഞം തുറമുഖത്തിനായുള‌ള ബഹുജന കൂട്ടായ്‌മ വളർത്തിയെടുത്ത് തുറമുഖ വിരുദ്ധ സമരത്തിനെ പ്രതിരോധിക്കാനാണ് തീരുമാനം. അതേസമയം തുറമുഖ നിർമ്മാണത്തിന് തടസമയാതെല്ലാം പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതിയും ഇന്ന് ഉത്തരവിട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജിയിൽ ജസ്‌റ്റിസ് അനു ശിവറാമാണ് ഈ ഉത്തരവിട്ടത്. ഇത് പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.