കരുവന്നൂർ തട്ടിപ്പ്, ഇഡിയ്‌ക്ക് മുന്നിൽ ഹാജരായി സിപിഎം ജില്ലാ സെക്രട്ടറി

എറണാകുളം : സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പായ കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം എം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യലിനെത്തിയത്. സമയം നീട്ടി നൽകണമെന്ന എംഎം വർഗീസിന്‍റെ ആവശ്യം ഇഡി നിരസിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഇഡി വർഗീസിന് നോട്ടീസ് നൽകിയത്.എന്നാൽ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്.

കള്ളപ്പണ ഇടപാടിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് അകൗണ്ട് വിവരങ്ങൾ ചോദിച്ചിട്ടില്ല..ചോദ്യം ചെയ്യലിൽ സഹകരിക്കും.ആശങ്കയില്ല.തിരിച്ചറിയൽ രേഖകൾ അടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.55 പ്രതികളുടെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് പ്രധാന സിപിഎം നേതാക്കളിലേക്ക് ഇഡി അന്വേഷണം നീളുന്നത്.

ഇതിന്‍റെ ഭാഗമായാണ് എംഎം വർഗീസിന്‍റെ ചോദ്യം ചെയ്യൽ. സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തൽ,ചില വ്യക്തികൾക്ക് ചിട്ടി കിട്ടുന്നതിനായി വർഗീസ് ഇടപെട്ടതായുള്ള മൊഴികൾ എന്നിവയിലാകും ഇഡി വർഗീസിൽ നിന്ന് വിവരങ്ങൾ തേടുക. കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

കേസിലെ 15-ാം പ്രതിയായ സിപിഎം പ്രദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കൺസിലറുമായ പി ആർ അരവിന്ദാക്ഷൻ ജയിലിൽ കഴിയുകയാണ്. ബാങ്ക് ഭരണസമിതി അംഗങ്ങളും തട്ടിപ്പ് നടത്തിയവരുമുൾപ്പെടെ 50 പേരാണ് പ്രതി പട്ടികയിലുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിൽ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. 90 കോടിയുടെ കള്ളപ്പണ ഇടപാടാണ് കരുവന്നൂർ ബാങ്കിൽ ഇഡി കണ്ടെത്തിയത്.