ശ്രീധരന്‍പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റി, സിപിഎം നേതാവിന്റെ മകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ്

കോഴിക്കോട് : സി.പി.എം. നേതാവിന്റെ മകൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് ഗോവ ഗവര്‍ണറുടെ ഓഫീസ്. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെ പോലീസ് കേസെടുക്കാതെ വെറുതെ വിട്ടത്തിൽ വിമശനം ശക്തമാണ്.

സംഭവത്തിന് പിന്നാലെ കാര്‍ ഓടിച്ച യുവാവിനേയും കാറും കസബ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉന്നത നേതാവിന്റെ മകനാണെന്ന്‌ അറിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു.ഞായറാഴ്ച കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനുസമീപം രാത്രി 8.30-ഓടെയായിരുന്നു സംഭവം.

പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനെയാണ് പോലീസ് പിഴയീടാക്കി വിട്ടയച്ചത്. ജൂലിയസിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 69 എ 6457 ടൊയോട്ട ഇത്തിയോസ് ലിവ കാറാണ് വ്യാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റാന്‍ ശ്രമിച്ചത്. സെഡ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ കയറിയത് സുരക്ഷാവീഴ്ചയാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഞായറാഴ്ചതന്നെ സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മാറാട് അയ്യപ്പഭക്തസംഘം ഹിന്ദുസേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ബേപ്പൂര്‍ ബി.സി. റോഡിലുള്ള എടത്തൊടി കൃഷ്ണന്‍ മെമ്മോറിയല്‍ ഹാളില്‍നിന്ന് രാത്രി തിരിച്ച് തിരുത്തിയാടുള്ള വീട്ടിലേക്ക് ഗവര്‍ണര്‍ വരുന്നവഴിയായിരുന്നു സംഭവം.