റോഡിൽ മാലിന്യം തള്ളി സിപിഎം പഞ്ചായത്തംഗം, എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി

കൊച്ചി: പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. എറണാകുളം മ‌ഞ്ഞളളൂർ പഞ്ചായത്ത് മെമ്പർ പി പി സുധാകരൻ തന്ത്രപരമായി റോഡിൽ മാലിന്യം തളളുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബ്രഹ്മപുരം കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മെമ്പർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ചോദിച്ചത്.

തദ്ദേശ സ്ഥാപനങ്ങൾ മാത്രമല്ല വ്യക്തികൾ കൂടി ഇടപെട്ടാലേ കേരളത്തിലെ മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുൻപും ഉന്നത ഉദ്യോഗസ്ഥരെയടക്കം ഓൺലൈനിൽ വിളിച്ച് വരുത്തി വിശദീകരണം തേടിയ കാര്യം ഓർമ്മിപ്പിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു പഞ്ചായത്തംഗം തന്നെ നിയമം ലംഘിച്ച സാഹചര്യത്തിലാണ് സാഹചര്യത്തിലാണ് കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്.

മഞ്ഞള്ളൂർ പഞ്ചായത്തിലെ 13-ാം വാർഡ് മെമ്പർ പി.എസ്. സുധാകരനാണ് മാലിന്യം വഴിയരികിൽ വിലിച്ചെറിഞ്ഞത്. സ്കൂട്ടറിൽ പോകുന്നതിനിടെ വഴിയരികിലേക്ക് മാലിന്യം തള്ളുന്ന സുധാകരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ വിഷയത്തിൽ കോടതി ഇടപെട്ടിരിക്കുന്നത്.

റോഡുകളിൽ മാത്രമല്ല റെയിൽവേ ട്രാക്കുകളിലടക്കം പ്ലാസ്റ്റിക്ക് മാലിന്യം കുന്നുകൂടുന്നുണ്ടെന്ന് കോടതി പറഞ്ഞു. മാലിന്യ നീക്കത്തിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്നറിയിക്കാൻ റെയിൽവേക്ക് ഹൈക്കോടതി നിർദേശം നൽകി.