‘നീയൊന്നും ഒരു ചുക്കും ചെയ്യില്ല’ ഫ്‌ലക്‌സ് പ്രചരണ പ്രതിരോധവുമായി സി പി എം.

തിരുവനന്തപുരം/ മുഖ്യ മന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ആരോപണങ്ങളെയും പ്രതിപക്ഷ സമരങ്ങളെയും പ്രതിരോധിക്കാന്‍ ഫ്‌ലക്‌സ് പ്രചരണവുമായി സിപിഎം രംഗത്ത്. സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും വിവിധ ലോക്കല്‍ കമ്മിറ്റികളും ബ്രാഞ്ചുകളുമാണ് നഗരത്തിലുടനീളം ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ സൂര്യതേജസാണെന്നും, ചൈതന്യമാണെന്നും ഒക്കെ ഫ്‌ലക്‌സുകളിൽ വിശേഷിപ്പിച്ചിരിക്കുന്നു. പിണറായി വിജയന്റെ പതിവ് ഡയലോഗുകളും ഫ്‌ലക്‌സുകളില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നീയൊന്നും ഒരു ചുക്കും ചെയ്യില്ല, രാഷ്ട്രീയ സൂര്യതേജസിനെതിരെ നായ്ക്കളുടെ കൂട്ടക്കുര, ഇല്ല തകര്‍ക്കാന്‍ പറ്റില്ല ഈ ചൈതന്യത്തെ, ഇവിടെ ഭരിക്കുന്നത് ഇടതു പക്ഷമാണ് എന്നിങ്ങനെ നീളുന്നു ഫ്‌ലക്‌സുകളിലെ എഴുത്തുകൾ.

ഇതിനിടെ സ്വപ്നയുടെ രഹസ്യമൊഴി പകര്‍പ്പിന്റെ അടിസ്ഥാനത്തിൽ എന്‍ഫോഴ്സ്മെന്റ സ്വപ്നയെ വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സ്വപ്ന സുരേഷ് 164 എ വഴി കോടതിയ്ക്ക് നല്‍കിയ 27 പേജുള്ള രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് സ്വപ്നയുടെ മൊഴി ഇ ഡി എടുക്കുന്നത്. ഇഡിയുടെ കേന്ദ്ര ഡയറക്ടറേറ്റ് ഈ മൊഴി പരിശോധിച്ച് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കൊച്ചി യൂണിറ്റിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയുമാണ്. കള്ളപ്പണ കേസില്‍ ഇഡി ചോദ്യം ചെയ്തപ്പോള്‍ വെളിപ്പെടുത്താത്ത പുതിയ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കിയ 164 സ്റ്റേറ്റ്മെന്റില്‍ ഉണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.