സാമൂഹ്യ മാധ്യമങ്ങളുടെ പ്രസക്തി കൂടി, വാർത്ത മാധ്യമങ്ങൾ കൂപ്പ് കുത്തുന്നു റോയിട്ടേഴ്‌സ് റിപ്പോർട്ട്

ഇന്ത്യൻ മാധ്യമങ്ങളുടെ വിശ്വാസത്തില്‍ ഇടിവ് തട്ടിയെന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്. സാമൂഹ്യ മാധ്യമങ്ങളുടെ പ്രസക്തി കൂടി, വാർത്ത മാധ്യമങ്ങൾ കൂപ്പ് കുത്തുന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നത്. റോയിട്ടേഴ്‌സിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2023 ലെ ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് ആണിത്.

മാധ്യമ വാര്‍ത്തകളുടെ മൊത്തത്തിലുള്ള വിശ്വാസത്തില്‍ ഇന്ത്യ മൂന്ന് ശതമാനം പോയിന്റ് ഇടിഞ്ഞു 38 ൽ എത്തി.. ഇക്കാര്യത്തില്‍ ഇന്ത്യ 46 രാജ്യങ്ങളില്‍ 24-ാം സ്ഥാനത്താണ് ഇപ്പോൾ. വാര്‍ത്തകളുടെ വിശ്വാസ്യതയുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന രാജ്യം ഫിന്‍ലന്‍ഡ് ആണ്. 69 ശതമാനം. ഏറ്റവും കുവ് ഗ്രീസ് 19 ശതമാനം.

ഡിഡി ഇന്ത്യ, ആകാശവാണി, തുടങ്ങിയ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങള്‍ ഉയര്‍ന്ന വിശ്വാസ്യത നിലനിര്‍ത്തുന്നു എന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇത് പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു – റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

പുതുതലമുറ മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന വാര്‍ത്താ വെബ്‌സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായി. 2018ല്‍ 32 ശതമാനം പേര്‍ വാര്‍ത്തകള്‍ക്കായി വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ 2023ല്‍ ഇത് 22 ശതമാനമായി കുറഞ്ഞു. ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസവുമായി സഹകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ 12-ാം പതിപ്പാണ് ഇത്. 46 വാര്‍ത്താ വിപണികളിലെ ഉപഭോക്താക്കളാണ് സര്‍വേയീല്‍ പങ്കെടുത്തിരിക്കുന്നത്.

പൊതുവായ ഉപഭോഗത്തിലും പങ്കിടലിലും വാര്‍ത്തകളുടെ കാര്യത്തിൽ ഇടിവ് ഉണ്ടായി. ഓണ്‍ലൈന്‍ വാര്‍ത്തകളെ ആശ്രയിക്കുന്നതില്‍ 12 ശതമാനം പോയിന്റും ടെലിവിഷന്‍ വാര്‍ത്തകളെ ആശയിക്കുന്നതില്‍ പത്ത് ശതമാനം പോയിന്റും ഇടിവ് രേഖപ്പെടുത്തി. 56% ആളുകളും വാര്‍ത്തകള്‍ക്കായി ആശ്രയിക്കുന്ന ഏറ്റവും പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം യൂട്യൂബാണ്. 47 ശതമാനം പേര്‍ വാട്ട്സ്ആപ്പും 39 ശതമാനം പേര്‍ ഫേസ്ബുക്കും വാര്‍ത്താ ഉടവിടങ്ങളായി ഇന്ന് കാണുന്നുണ്ട്. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കര്‍, സര്‍വേയില്‍ പ്രതികരിച്ചവര്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലും ആക്സസ് ചെയ്ത മികച്ച പത്ത് ബ്രാന്‍ഡുകളില്‍ ഇടംപിടിച്ചിരിക്കുന്നു.