ക്രിക്കറ്റ് താരം കെഎൽ രാഹുലിന്റെ വിവാഹം തിങ്കളാഴ്ച ; വധു സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടി

മുംബൈ. ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ തിങ്കളാഴ്ച വിവാഹിതനാകും. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയാണ് വധു. ആരാധകർ കാത്തിരുന്ന വിവാഹം തിങ്കളാഴ്ചയാണ് തീരുമാനിച്ചിരിക്കുന്നത്.

ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. താര വിവാഹത്തെ കുറിച്ച് ഏറെ നാളായി വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇരു കുടുംബങ്ങളും ഒരക്ഷരമ്മ മിണ്ടാതെ മൗനം പാലിക്കുകയായിരുന്നു. സുനിൽ ഷെട്ടിയുടെ ഖണ്ടാല ഫാംഹൗസിൽ വെച്ചാണ് വിവാഹം എന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്.

ഫാം ഹൗസിൽ ഒരുക്കിയിട്ടുള്ള വിവാഹവേദിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തിങ്കളാഴ്ചയാണ് വിവാഹമെങ്കിലും ജനുവരി 21 ന് വിവാഹ ആഘോഷങ്ങൾ തുടങ്ങിയെന്ന് വിവിധ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെഎൽ രാഹുലിന്റേയും അതിയ ഷെട്ടിയുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന തീർത്തും സ്വാകര്യമായ ചടങ്ങിലാണ് വിവാഹം നടക്കുക എന്നും റിപ്പോർട്ടുകൾ പറയുന്നു.

വിവാഹത്തിലേക്ക് നൂറ് പേർക്ക് മാത്രമാണ് ക്ഷണം. വിവാഹത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തരുതെന്നാണ് താരങ്ങൾ അതിഥികളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. വിവാഹശേഷം രാഹുലിന്റേയും അതിയയുടേയും സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ചിത്രങ്ങൾ പുറത്തുവിടുമെന്നാണ് വിവരം. വിവാഹശേഷം സുഹൃത്തുക്കൾക്കായി ഗംഭീര പാർട്ടിയും ഒരുക്കിയിട്ടുണ്ട്. ക്രിക്കറ്റിലേയും ബോളിവുഡിലേയും നിരവധി സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ഗംഭീര ചടങ്ങായിരിക്കും നടക്കുക.