ഡിജിറ്റൽ ​​ഗാഡ്ജറ്റുകൾ ഹാജരാക്കണം; ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടിസ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. രാമൻപിള്ള അസോസിയേറ്റ്സിനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്. ഹാക്കർ സായ് ശങ്കറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്. ലാപ്ടോപ്പ് അടക്കമുള്ള അഞ്ച് ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഇതിനിടെ ബാര്‍ കൗണ്‍സില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. അഡ്വ.ബി രാമന്‍പിള്ള, അഡ്വ.സുജേഷ് മേനോന്‍, അഡ്വ.ഫിലിപ്പ് എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്. കേസില്‍ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. 14 ദിവസത്തിനകം നോട്ടിസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്ന ഡിജിറ്റല്‍ തെളിവുകളാണ് സായ് ശങ്കര്‍ നശിപ്പിച്ചത്

അതേസമയം കേസിന്റെ തുടരന്വേഷണത്തിനു ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. ഇന്ന് കാവ്യ ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് സൂചന. സാക്ഷിയാക്കി കണക്കാക്കുന്നതിനാൽ ആലുവയിലെ പത്മസരോവരം വീട്ടിൽ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്.

സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു കാവ്യ. പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിർദേശിച്ചിട്ടില്ല. ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് ക്ലബ് ഒഴിവാക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.

ഇന്നലെയാണു കാവ്യയോടു നേരിട്ടു ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശിച്ചിരുന്നത്. ബുധനാഴ്ച ഹാജരാകാമെന്നു കാവ്യ അറിയിക്കുകയായിരുന്നു. ഇതിനിടയിലാണു ചോദ്യം ചെയ്യൽ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടിൽ വേണമെന്ന ആവശ്യം ഭാര്യയായ കാവ്യ ഉന്നയിച്ചത്. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടി. ഹാജരാകേണ്ട സ്ഥലം കാവ്യയെ അറിയിക്കും.