സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ്: ഒളിവിലുള്ള പ്രതികളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ ഒളിവിലുള്ള പ്രതികളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ജില്ലയില്‍ മൂന്നിടത്തായാണ് പരിശോധന. ഷബീര്‍, ഗഫൂര്‍, കൃഷ്ണപ്രസാദ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. പ്രതികളുടെ യാത്രാ രേഖകളും ബാങ്കിടപാട് വിവരങ്ങളും, സിം കാര്‍ഡ് മുതലായവ പൊലീസ് പിടിച്ചെടുത്തു. നിലവില്‍ രണ്ട് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്.

അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിയെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് ചിന്താവളപ്പില്‍ നിന്നാണ് റെയ്ഡില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പൊലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴിടങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലുതാണ് ഇതിന് പിന്നിലെ കുഴല്‍പണ ഇടപാടുകളെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ ബെംഗളുരുവില്‍ നിന്ന് പിടികൂടിയ ഇബ്രാഹിമിന്റെ ലാപ്‌ടോപ്പില്‍ നിന്നാണ് പൊലീസിന് വിവരങ്ങള്‍ ലഭിച്ചത്. കുഴല്‍പ്പണമാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും പാകിസ്താന്‍ പൗരനാണ് പണം കൊടുത്തതെന്നുമുള്ള സൂചനയാണ് ഇപ്പോള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. കൂടാതെ രാമനാട്ടുകര സ്വര്‍ണക്കടത്തുസംഘവും ആശയവിനിമയത്തിനായി ഈ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉപയാഗിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.