സുപ്രധാന ക്രിമിനല്‍ നിയമ ബില്ലുകള്‍ ലോക്‌സഭയില്‍ പാസായി

ന്യൂഡൽഹി : പ്രതിപക്ഷം പുറത്തു നിൽക്കെ സുപ്രധാന ക്രിമിനല്‍ നിയമ ബില്ലുകള്‍ ലോക്‌സഭയില്‍ പാസായി. ഭാരതീയ ന്യായ സംഹിത (രണ്ട്) , ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (രണ്ട്), ഭാരതീയ സാക്ഷ്യ അധീനിയം (രണ്ട്) ബിൽ എന്നിവയാണ് ലോക്‌സഭ പാസാക്കിയ ബില്ലുകൾ. ഐപിസി, സിആർപിസി, എവിഡൻസ് ആക്ട് എന്നിവയ്‌ക്ക് പകരമായി കൊണ്ടുവന്ന ബില്ലുകളാണ് ഇവ. ആഗസ്റ്റ് 11-നാണ് മൂന്ന് ബില്ലുകളും ആദ്യമായി ലോക്സഭയിൽ അവതരിപ്പിച്ചത്.

തുടർന്ന് കൂടുതൽ പരിശോധനയ്‌ക്കായി ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു. പ്രതിപക്ഷത്തെ മൂന്നില്‍ രണ്ട് എം.പിമാരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് പുറത്തുനില്‍ക്കുമ്പോള്‍ ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സി.ആര്‍.പി.സി.), 1872-ലെ ഇന്ത്യന്‍ തെളിവ് നിയമത്തിനും പകരമായിട്ടാണ്‌ യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) നിയമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

കൊളോണിയൽ ചിന്തയിൽ നിന്നും പൗരന്മാരെ മോചിപ്പിക്കുന്നതാണ ബില്ലുകളെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. രാജ്യദ്രോഹ കുറ്റം നീക്കം ചെയ്തതായും പകരം രാജ്യത്തിനെതിരെ സംസാരിക്കുന്നവരെ ശിക്ഷ അര്ഹിക്കുന്ന കുറ്റമായി നിയമനിർമ്മാണം കൊണ്ടുവന്നതായും ഷാ പറഞ്ഞു. 356 വകുപ്പുകളുണ്ടായിരുന്ന ഭാരതീയ ന്യായ സംഹിതയിൽ നിലവിൽ 358 വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുണ്ട്. 22 വകുപ്പുകൾ റദ്ദാക്കാൻ നിർദ്ദേശിക്കുകയും 8 പുതിയ വകുപ്പുകൾ അവതരിപ്പിക്കുകയും ചെയ്തു.

ജാതിയുടെയോ ഭാഷയുടെയോ വ്യക്തിപരമായ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിൽ അഞ്ചോ അതിലധികമോ ആളുകളുടെ സംഘടിത കുറ്റകൃത്യം, തീവ്രവാദം, കൊലപാതകം എന്നിവ കുറ്റകൃത്യങ്ങളായി ചേർത്തിട്ടുണ്ട്.