പാചകവാതകം ഇറക്കുമതി ; ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക

കൊളംബോ∙ പാചകവാതകം ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഇതിനുപിന്നാലെ സർക്കാർ ഗ്യാസ് കമ്പനിയായ ലിട്രോ ഗ്യാസ് ചെയർമാൻ തെഷാര ജയസിംഗെ രാജിവയ്ക്കുകയും ചെയ്തു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗ്യാസ് മാഫിയ അഴിമതിക്കു കുട പിടിക്കുകയാണെന്ന് വ്യക്തമാക്കിയാണ് രാജി.

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയ്ക്ക് അയച്ച രാജിക്കത്തിൽ – ഇന്ത്യൻ ഹൈക്കമ്മിഷനിലൂടെ പാചകവാതക ഇറക്കുമതിക്കുള്ള ഇന്ത്യൻ ക്രെഡിറ്റ് ലൈൻ ലഭിക്കാനായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. സർക്കാരിൽനിന്ന് സമ്പൂർണ സഹകരണം ലഭിച്ചില്ലെന്നും തനിക്കെതിരെ ഗ്യാസ് മാഫിയ നടത്തുന്ന നീക്കങ്ങളുടെ സമ്മർദ്ദം താങ്ങാനാകാതെയാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ഒരു ബില്യൺ യുഎസ് ഡോളറായി ക്രെ‍ഡിറ്റ് ലൈൻ ഇന്ത്യ നീട്ടി നൽകിയത് വലിയ ആശ്വാസമായിരുന്നു.