കസ്റ്റംസ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി, ചെവിയിൽ ബ്ലൂടൂത്ത്, 30 പേർ പിടിയിൽ

ചെന്നൈ : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയില്‍ കൂട്ട കോപ്പിയടി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടി നടത്തിയ ച്ച 30 ഉദ്യോഗാര്‍ഥികൾ പിടിയിലായി. പിടിയിലായവരില്‍ 26 പേരും ഹരിയാണ സ്വദേശികളാണ്. രണ്ടുപേര്‍വീതം ഉത്തര്‍പ്രദേശ്, ബിഹാര്‍ സ്വദേശികളും.

ഇവരെല്ലാം പരീക്ഷകളില്‍ ക്രമക്കേട് നടത്തുന്ന വന്‍ റാക്കറ്റിന്റെ ഭാഗമാണെന്നാണ് വിവരം. 15,000-ഓളം അപേക്ഷകരില്‍നിന്ന് 200 പേരെ എഴുത്തുപരീക്ഷയ്ക്കായി തിരഞ്ഞെടുത്തു. ശനിയാഴ്ച ചെന്നൈ ബീച്ച് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ കസ്റ്റംസ് ആസ്ഥാനത്തായിരുന്നു പരീക്ഷ. ഇതിനിടെയായായിരുന്നു ഹൈടെക് കോപ്പിയടി നടന്നത്.

ഒരു ഉദ്യോഗാര്‍ഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ ഏറെനേരം ഇയാളെ നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ചെവിയില്‍ ചെറിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ചതായി കണ്ടെത്തി. വിശദമായ ദേഹപരിശോധനയില്‍ അരയ്ക്ക് ചുറ്റം കെട്ടിവെച്ച നിലയില്‍ ബ്രോഡ്ബാന്‍ഡ് കണക്ടറ്റഡായ ഇലക്ട്രോണിക് ഉപകരണവും കണ്ടെടുത്തു. പിന്നാലെ നടത്തിയ പരിശോധനയിൽ 30 പേർ കുടുങ്ങി. ഇതിൽ ഒരാൾ ആൾമാറാട്ടം നടത്തുകയും ചെയ്തിരുന്നു. ഇയാളെ ഒഴികെ മറ്റെല്ലാവരെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽവിട്ടു.