ഡേറ്റിംഗ് ആപ്പിലൂടെ യുവാക്കളെ വലയിലാക്കി പണം തട്ടൽ, യുവതിയും സഹായികളും അറസ്റ്റിൽ

തൃശൂർ : തൃശൂരിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയ യുവതിയും സഹായികളും അറസ്റ്റിലായി. രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന തൃശൂർ പെരിഞ്ഞനം തേരുപറമ്പിൽ പ്രിൻസ് (23)​,​ ഇയാളുടെ പങ്കാളി അശ്വതി (25)​,​ കൊട്ടാരക്കര നെടുവത്തൂർ മൂഴിക്കോട് ആര്യഭവനിൽ അനൂപ് (23)​ എന്നിവരാണ് പോലീസിന്റെ വലയിലായത്.

മൂന്നുപേരും വർഷങ്ങളായി ബംഗളുരുവിലും ഗോവയിലും ആയി താമസിച്ചു വരികയായിരുന്നു. 2021 മുതൽ ഇവർ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവാക്കി. തൃശൂരിൽ ഇവരുടെ കെണിയിൽപ്പെട്ട യുവാവ് സൂഹൃത്തുക്കളോട് ഇക്കാര്യം പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. നഗരത്തിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.

വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡേറ്റിംഗ് ആപ്പുകളിലും സ്ത്രീകളുടെ േപരിൽ പ്രൊഫൈൽ തുടങ്ങിയ ശേഷം ആൾക്കാരെ ചാറ്റ് ചെയ്ത് വിളിച്ചുവരുത്തി ഫോട്ടോ എടുക്കുകയും ശേഷം ഇത് കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമാണ് ഇവരുടെ രീതി.