90 വയസുള്ള അമ്മയെ പുറത്താക്കി വീട് പൂട്ടി സ്ഥലം വിട്ട് മകള്‍

പ്രായമായി കഴിഞ്ഞാല്‍ പൊന്നു പോലെ വളര്‍ത്തിയ മാതാപിതാക്കളെ പൂച്ച കുഞ്ഞുങ്ങളെ തൂക്കി കളയുന്നപോലെയാണ് ചില മക്കള്‍ ഉപേക്ഷിക്കുന്നത്. പ്രായമാകുമ്പോള്‍ അത് വരെ തങ്ങളെ പരിപാലിച്ചത് എല്ലാം മറന്ന് അവരെ ചില മക്കള്‍ എങ്കിലും ഭാരമായിട്ടാണ് കാണുന്നത്. ഇപ്പോള്‍ കൊല്ലം അഞ്ചലില്‍ നിന്നും പുറത്ത് എത്തുന്ന വാര്‍ത്തയും അത്തരത്തില്‍ ഒന്നാണ്. കൂരയ്ക്ക് കീഴില്‍ വെയിലും മഴയും കൊള്ളാതെ 90 വയസുള്ള അമ്മയ്ക്ക് ഒരു അഭയം നല്‍കാന്‍ മകള്‍ തയ്യാറായില്ല.

90 വയസ് പ്രായമുള്ള അമ്മയെ മകള്‍ വീട്ടില്‍ നിന്നും പുറത്താക്കി വീട് പൂട്ടുകയായിരുന്നു. ഒടുവില്‍ സംഭവത്തില്‍ പോലീസ് ഇടപെടുകയും ഇറക്കിവിട്ട മകളുടെ വീട്ടില്‍ തന്നെ അമ്മയ്ക്ക് സംരക്ഷണം ഒരുക്കുകയും ചെയ്തു. അഞ്ചല്‍ പഞ്ചായത്തിലെ പോങ്ങുംമുകള്‍ പതിനെട്ടാം വാര്‍ഡിലാണ് സംഭവമുണ്ടായത്. 90 വയസുള്ള അമ്മ തങ്കമ്മയ്ക്കാണ് മകളില്‍ നിന്നും ഈ ദുര്‍വിധി നേരിടേണ്ടി വന്നത്.

കഴിഞ്ഞ 27 വര്‍ഷമായി തങ്കമ്മ മൂത്ത മകന്‍ മോഹനന് ഒപ്പം അദ്ദേഹത്തിന്റെ സംരക്ഷണയില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ മോഹനന്‍ രോഗം പിടിപെട്ട് ആശുപത്രിയിലായതോടെയാണ് തങ്കമ്മയ്ക്ക് മറ്റൊരു അഭയം തേടേണ്ടതായി വന്നത്. ഇവരെ നാട്ടുകാര്‍ ഇടപെട്ട് മകളുടെ വീട്ടില്‍ എത്തിച്ചു. എന്നാല്‍ അമ്മയെ വിട്ടില്‍ നിന്നും പുറത്താക്കി മകള്‍ രാധാമണി വീട് പൂട്ടി സ്ഥലം വിടുകയായിരുന്നു.

അമ്മയെ വീടിന് പുറത്ത് ആക്കിയപ്പോള്‍ അഭയം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാധാമണി അതിന് തയ്യാറായില്ല. ഒടുവില്‍ അഞ്ചല്‍ പോലീസ് സംഭവത്തില്‍ ഇടപെടുകയായിരുന്നു. രാധാമണിയുടെ വീട്ടില്‍ തന്നെ തങ്കമ്മയ്ക്ക് പോലീസ് സംരക്ഷണം ഒരുക്കി. നാല് മക്കളാണ് തങ്കമ്മയ്ക്ക ഉള്ളത്.