കോൺഗ്രെസ്സുകാർക്കെതിരെയുള്ള ആലുവ പൊലീസിന്‍റെ ‘തീവ്രവാദ’പരാമർശം; പിന്നിൽ പി രാജീവെന്ന് ഡിസിസി പ്രസിഡന്‍റ്

കോൺഗ്രെസ്സുകാരെ ‘തീവ്രവാദികളെന്നു’ ആലുവ പൊലീസ് നടത്തിയ പരാമർശത്തിൽ പി രാജീവിനെതിരെ ആരോപണവുമായി ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. ആലുവയില്‍ മൊഫിയ പര്‍വീണിന്‍റെ മരണവുമായി ബന്ധപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് പ്രവ‍ർത്തകർക്ക് തീവ്രവാദ ബന്ധം ആരോപിച്ച് പൊലീസ് കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചത് മന്ത്രി പി രാജിവിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. റിപ്പോര്‍ട്ടിനു ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ഷിയാസ്‍ ആവശ്യപ്പെട്ടു.

അതേസമയം സമരം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. തീവ്രവാദ പരാമ‍ർശവുമായി ബന്ധപ്പെട്ട് ഒരു സിഐയും രണ്ട് എസ് ഐമാരും ഇതുവരെ സസ്പെന്‍ഷനിലായിയിട്ടുണ്ട്.

നേരത്തെ റിമാൻഡ് റിപ്പോ‍ർട്ടിലെ തീവ്രവാദ പരാമ‍ർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും രൂക്ഷമായഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണെന്നതിന് ഉദാഹരമാണ് സംഭവമേന്നായിരുന്നു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരോട് അത് വേണ്ടെന്നും സംഘപരിവാർ മനസ് ഇവിടെ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

മുസ്ലീം പേരുണ്ടായാൽ തീവ്രവാദിയാക്കുന്ന മത വെറി കോൺഗ്രസുകാരോട് വേണ്ടെന്നാണ് സുധാകരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇത് കേരളമാണെന്നും ഗുജറാത്തല്ലെന്ന് ഓർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേരള പൊലീസിന് ശമ്പളം നാഗ്പൂരിലെ കാര്യാലയത്തിൽ നിന്നല്ലെന്നും നിങ്ങൾ തിരുത്തുമെന്നും ഞങ്ങൾ നിങ്ങളെ തിരുത്തിച്ചിരിക്കുമെന്നും കെ പി സി സി പ്രസിഡന്‍റ് കുറിച്ചിരുന്നു.