പാലക്കാട് ജില്ല ആശുപത്രിയില്‍ ഗുരുതര വീഴ്ച, മൃതദേഹം മാറി നല്‍കി, ബന്ധുക്കള്‍ സംസ്‌കരിച്ചു

ജാനകി അമ്മ, വള്ളി

പാലക്കാട്:പാലക്കാട് ജില്ല ആശുപത്രിയില്‍ നടന്നത് ഗുരുതര വീഴ്ച.ആശുപത്രി ജീവനക്കാര്‍ മൃതദേഹം മാറി കൊടുത്തുവിട്ടു.ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും മാറി നല്‍കിയ മൃതദേഹം സംസ്‌കരിച്ചു.അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തന്‍വീട്ടില്‍ ബൈജുവിന്റെ ഭാര്യ വള്ളിയുടെ(38)മൃതദേഹവും പാലക്കാട് മൂത്താന്തറ കര്‍ണകി നഗര്‍ മാരാമുറ്റം ശങ്കരമൂത്താന്റെ ഭാര്യ ജാനകി അമ്മയുടെ(75)മൃതദേഹവും ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.ഈ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയപ്പോഴാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്.വള്ളിയുടെ മൃതദേഹം ജാനകിയമ്മയുടെ ബന്ധുക്കള്‍ക്ക് ആശുപത്രി അധികൃതര്‍ കൈമാറി.ജാനകിയമ്മയുടെ മൃതദേഹം എന്ന ധാരണയില്‍ കഴിഞ്ഞ 17നു രാത്രി ബന്ധുക്കള്‍ സംസ്‌കാരം നടത്തുകയും ചെയ്തു.ഇന്നലെ വള്ളിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്തിയപ്പോഴാണ് വിവരം ശ്രദ്ധയില്‍ പെടുന്നത്.16ന് വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയിലാണ് വള്ളിയുടെ മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.ഈ സമയം നഗരത്തില്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ച ജാനകി അമ്മയുടെ മൃതദേഹം തുടര്‍നടപടികള്‍ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു.വള്ളിയുടെ മൃതദേഹം 17നു വൈകിട്ട് 4നു തന്നെ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ നിര്‍ദേശം നല്‍കി.എന്നാല്‍ വൈകിട്ട് 7നു ശേഷമാണു ബന്ധുക്കള്‍ എത്തിയതെന്നും അവര്‍ തിരിച്ചറിഞ്ഞ ശേഷമാണു വിട്ടുകൊടുത്തതെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ അറിയിച്ചു.