ദീപുവിനെ കൈവിടാതെ ചേര്‍ത്തുപിടിച്ച് അര്‍ച്ചന, ഒടുവില്‍ മിന്നുകെട്ട്, ഈ പ്രണയം ഈറനണിയിക്കും

വിവാഹ ജീവിതം എന്നത് തുമ്മിയാല്‍ തെറിക്കുന്ന മൂക്കായി മാറിയ ഇക്കാലത്ത് ഇതാ തികച്ചും വ്യത്യസ്തമായൊരു പ്രണയ കഥ …ഒളിച്ചോട്ടം മാത്രം വായിച്ചു മടുത്തവര്‍ക്ക് മരുഭൂമിയിലെ മഴയാണ് അര്‍ച്ചനയുടെയും ദീപുവിന്റെയും സ്‌നേഹം …..അപകടത്തില്‍ ദീപുവിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിട്ടും ആ പോലീസുകാരി ദീപുവിനെ സ്വന്തം ജീവിതയാത്രയില്‍ ഒപ്പം കൂട്ടി യിരിക്കുകയാണ്

ഇവിടെ പ്രണയിക്കുന്നവര്‍ക്ക് മാതൃകയാവുന്നത് നേമം ഇടയ്‌ക്കോട് താന്നിക്കവിള ദിവ്യഭവനത്തില്‍ ജയചന്ദ്രകുമാറിന്റെയും ജയകുമാരിയുടെയും മകന്‍ ദീപുവും മാരായമുട്ടം സ്വദേശിനി അര്‍ച്ചനയുമാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി. ഇതില്‍ എന്ത് മാതൃക എന്ന ചോദ്യം ചോദിക്കാന്‍ വരട്ടെ. ദീപുവിന്റെ ജീവിതം ഇന്ന് ചക്രക്കസേരയില്‍ ആണ്. പല തവണ ഉപേക്ഷിച്ചു പോകുവാന്‍ അര്‍ച്ചനയെ ദീപു നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞ് ദീപുവിന് താങ്ങും തണലുമായിരിക്കുകയാണ് അര്‍ച്ചന.

ബുധനാഴ്ച രാവിലെ ശംഖുംമുഖം ദേവീക്ഷേത്രത്തില്‍ വെച്ച്‌ ചക്രക്കസേരയിലിരുന്ന് ദീപു അര്‍ച്ചനയുടെ കഴുത്തില്‍ മിന്നുകെട്ടി. ഒരു വിധിക്കും തങ്ങളുടെ പ്രണയത്തെ തോല്‍പ്പിക്കാനാകില്ലെന്ന സന്ദേശം പങ്കുവെച്ചാണ് ഇരുവരും പുതിയ ജീവിതത്തിലേയ്ക്ക് കടന്നത്. നാലുവര്‍ഷം മുമ്ബാണ് ദീപുവിന് അപകടത്തില്‍ അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത്.

2010ല്‍ കാഞ്ഞിരംകുളം കെഎന്‍എം കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്ബോഴാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്. പഠനം കഴിഞ്ഞ് ദീപുവിന് കണ്‍സ്യൂമര്‍ഫെഡില്‍ ജോലി കിട്ടി. ഇതിനിടയിലാണ് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട് നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത്.

ശേഷം ദീപുവിന്റെ ജീവിതം ആശുപത്രിയിലും തുടര്‍ന്ന് ചക്രക്കസേരയിലുമായി. ദീപുവിന്റെ അവസ്ഥ ഇങ്ങനെയായതിനാല്‍ പഠനം പൂര്‍ത്തിയാക്കി ജോലി നേടുകയെന്ന ലക്ഷ്യത്തോടെ അര്‍ച്ചന പിഎസ്‌സി പരീക്ഷകളെഴുതി ഒടുവില്‍ പോലീസില്‍ ജോലി നേടുകയും ചെയ്തു. ദൃഢനിശ്ചയത്തോടെ മുന്‍പോട്ടു പോയ അര്‍ച്ചനയുടെ ഇഷ്ടത്തിനുമുന്നില്‍ ഒടുവില്‍ ബന്ധുക്കള്‍ക്ക് വഴങ്ങേണ്ടി വന്നു.

അപകടത്തെത്തുടര്‍ന്ന് ദീപു പലവട്ടം അര്‍ച്ചനയോട് ഈ ബന്ധം ഉപേക്ഷിച്ച്‌ മറ്റൊരു വിവാഹത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അര്‍ച്ചന അത് കൂട്ടാക്കാതെ കൈപിടിച്ച്‌ കൂടെ നില്‍ക്കുകയായിരുന്നു. ഓരോ തവണ ദീപു ഇതേ ചോദ്യം ആവര്‍ത്തിക്കുമ്ബോള്‍ വിവാഹശേഷമാണ് ഇങ്ങനെ സംഭവിച്ചതെങ്കിലോ എന്ന മറുചോദ്യം അര്‍ച്ചനയും ഉന്നയിച്ചു. ഇതോടെ അര്‍ച്ചനയുടെ കഴുത്തില്‍ ദീപു മിന്നു ചാര്‍ത്തുകയായിരുന്നു. ഇരുവരുടെയും വിവാഹത്തിന് പഴയ സഹപാഠികളും ബന്ധുക്കളും ഒത്തുചേര്‍ന്നു. ഒരു വര്‍ഷം മുമ്ബ് ജോലി ലഭിച്ച അര്‍ച്ചന ഇപ്പോള്‍ മേനംകുളം വനിതാ പോലീസ് ക്യാംപിലാണ് ജോലി ചെയ്യുന്നത്.

ഇ​ന്ന​ലെ രാ​വി​ലെ ശംഖുമുഖം ദേവി ക്ഷേത്രത്തിൽ ദീപു അർച്ചനയ്ക്കു താലി ചാർത്തിയത് വീൽ ചെയറിൽ ഇരുന്നുതന്നെ…ചികിത്സ തുടരുന്ന ദീപുവിന് ഇപ്പോൾ മുച്ചക്ര സ്കൂട്ടർ ഓടിക്കാൻ സാധിക്കുന്നുണ്ട് …തുടർ ചികിത്സ ലഭിക്കുന്നതോടെ ജോലിക്ക് പോകാനും ജീവിതം പൂർണതോതിൽ തിരിച്ചുപിടിക്കാനും കഴിയുമെന്ന് തന്നെയാണ് നവ ദമ്പതികളുടെ പ്രതീക്ഷ …ഇവർക്കായി നമുക്കും പ്രാർത്ഥിക്കാം