ലെഫ് ഗവര്‍ണര്‍ ഇടപെടുമെന്ന് ഉറപ്പ്; കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 9 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. ഭരണസ്തംഭന വിഷയത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുമായി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാന്‍ കത്തയച്ചതിനെത്തുടര്‍ന്നാണ് കെജ്രിവാള്‍ സമരം അവസാനിപ്പിച്ചത്.

സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കെജ്‌രിവാളിന് കത്തയച്ചിരുന്നു. ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ നിസഹകരണ സമരം അവസാനിപ്പിക്കാന്‍ താന്‍ ഇടപെടാമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കി. ഇതേതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

ലെഫ് ഗവര്‍ണറുടെ വസതിയായ രാജ് നിവാസില്‍ നടത്തിവന്നിരുന്ന സമരം ഒന്‍പതാം ദിവസമാണ് കെജ്‌രിവാള്‍ അവസാനിപ്പിച്ചത്. മുഖ്യമന്ത്രി കെജ്‌രിരാളിന് പുറമെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായ്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും സമരരംഗത്തുണ്ടായിരുന്നു.

ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെജ്രിവാളിന്‍റെയും മന്ത്രിമാരുടെയും സമരം. ഡല്‍ഹിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണം അവസാനിപ്പിക്കാതെ ലെഫ്.ഗവര്‍ണറുടെ വസതിയിലെ സത്യാഗ്രഹ സമരം നിര്‍ത്തില്ലെന്നാണ് അരവിന്ദ് കെജരിവാളിന്‍റെ പ്രഖ്യാപനം.